സൗജന്യ അരി ഇറക്കാൻ ആളില്ല; ലോഡിറക്കിയത് ഡെപ്യൂട്ടി തഹസീൽദാരും ജീവനക്കാരും

പെരിങ്ങോം: പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യമായി നൽകുവാനുള്ള അരിയും പലവ്യഞ്ജനങ്ങളും ഇറക്കാൻ ഡപ്യൂട്ടി തഹസീൽദാർ മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായി. 89 കുടുംബങ്ങൾക്കാണ് ഒരാഴ്ചത്തേക്ക് വിതരണം ചെയ്യുവാനുള്ള അരി, പരിപ്പ്, ഓയിൽ, ആട്ട, ഉരുളകിഴങ്ങ്, ഉള്ളി, തക്കാളി, ഉപ്പ്, മുളക് പൊടി എന്നിവ എത്തിയത്.ഡ്യൂട്ടിയിലുണ്ടായിരുന്ന ഡപ്യൂട്ടി താഹസിൽദാർ കെ.കെ.ശശി മറിച്ചൊന്നും ആലോചിക്കാതെ സഹപ്രവർത്തകരുടെ സഹായത്തോടെ മുഴുവൻ സാധനങ്ങളും വാഹനത്തിൽനിന്നിറക്കി പഞ്ചായത്ത് പ്രസിഡന്റിന് സ്റ്റോക്ക് കൈമാറുകയായിരുന്നു. പ‍ഞ്ചായത്തംഗങ്ങളും സഹായത്തിനെത്തി.

പയ്യന്നൂർ ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലാണ് വിവിധ പഞ്ചായത്തുകളിൽ വിതരണം നടത്തിയത്. ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ വൈകിട്ട് അഞ്ചോടെ ടൗൺ വിജനമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, സ്ഥിരം സമിതി അധ്യക്ഷകളായ മിനി മാത്യു, ലതാഗോപി എന്നിവർ മാത്രമായിരുന്നു ടൗണിലുണ്ടായിരുന്നത്. ചരക്കുമായി വാഹനമെത്തിയതോടെ ലോഡ് ഇറക്കുവാൻ ആളില്ലാത്ത നിലയിലായിരുന്നു.