തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കന്‍ തമിഴ്നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബര്‍ 4ന് പുലര്‍ച്ചെ തെക്കന്‍ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി കേരളത്തിലേക്കും പ്രവേശിക്കാനിടയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ മുതല്‍ 5 വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഡിസംബര്‍ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
നാളെ (വ്യാഴം) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.
ഡിസംബര്‍ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫിന്‍റെ എട്ട് ടീമുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എയര്‍ഫോഴ്സിന്‍റെ സജ്ജീകരണങ്ങള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനകം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു.
നിലവില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര, കൊല്ലം ജില്ലയിലെ കല്ലട, ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി വയനാട് ജില്ലയിലെ കാരാപ്പുഴ എന്നീ ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്.