മോസ്കോ: ഒടുവിൽ ‘വോൾഗ മാനിയാക്’ ആരാണെന്ന് റഷ്യയിലെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വർഷങ്ങളായി അജ്ഞാതനായി മറഞ്ഞിരുന്ന കൊടുംകുറ്റവാളിയെ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. 2011-നും 2012-നും ഇടയിൽ 26 വയോധികമാരെയാണ് വോൾഗ മാനിയാക് എന്നറിയപ്പെട്ടിരുന്ന സീരിയൽ കില്ലർ നിഷ്കരുണം കൊലപ്പെടുത്തിയത്.
റഷ്യയിലെ വിവിധ മേഖലകളിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികമാരാണ് കൃത്യമായ ഇടവേളകളിൽ കൊല്ലപ്പെട്ടത്. പലയിടത്തും കവർച്ചയും നടന്നു. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കടന്നുകളയുന്ന കുറ്റവാളിയെക്കുറിച്ച് വർഷങ്ങളായിട്ടും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഒടുവിൽ ചെരിപ്പടയാളവും കൊലപാതകം നടന്ന സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച ഡിഎൻഎ തെളിവുകളുമാണ് നിർണായകമായത്.
ഇവയെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കൊടുംകുറ്റവാളിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു.
റാഡിക് ടാഗിറോവ്(38) എന്നാണ് വോൾഗ മാനിയാക്കിന്റെ യഥാർഥ പേരെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിടുന്ന വിവരം. വയോധികമാർ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പാർട്ട്മെന്റുകളിൽ ജോലിക്കെന്ന വ്യാജേന എത്തുന്ന ഇയാൾ അതിക്രൂരമായി അവരെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു. പ്ലംബറുടെയും ഇലക്ട്രീഷ്യന്റെയും കൂലിപ്പണിക്കാരന്റെയും വേഷത്തിൽ ഇയാൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു.
വയോധികമാരുടെ അപ്പാർട്ട്മെന്റിൽ പ്രവേശിക്കുന്നതിന് പിന്നാലെ അവരെ ബലംപ്രയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. കൈ കൊണ്ടോ അല്ലെങ്കിൽ തുണിയോ വയറോ ഉപയോഗിച്ചായിരുന്നു കൊലപാതകം.
2011-12 കാലയളവിൽ 26 സ്ത്രീകളാണ് ഇയാളുടെ കൈകളാൽ ശ്വാസംമുട്ടി പിടഞ്ഞ് മരിച്ചത്. ഇവരിൽ മിക്കവരും 70 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരുന്നു. കസാൻ, സമാര,ടോൽയാട്ടി തുടങ്ങി വോൾഗ നദിയുടെ തീരത്തുള്ള നഗരങ്ങളിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്. ഇതോടെ അജ്ഞാതനായ കൊലയാളിക്ക് വോൾഗ മാനിയാക് എന്ന പേരുനൽകി.
കൊലപാതകത്തിന് ശേഷം കവർച്ച നടത്തിയാണ് ഇയാൾ സ്ഥലംകാലിയാക്കുന്നത്. ചിലയിടത്ത് ഒരു മൊട്ടുസൂചിയിൽ പോലും തൊട്ടിരുന്നില്ല. വിചിത്രമായ കൊലപാതക പരമ്പരയിൽ ഈ വ്യത്യസ്തതകളും പോലീസിന് വെല്ലുവിളിയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം സംഭവസ്ഥലം അണുവിമുക്തമാക്കിയ ശേഷമേ മടങ്ങിയിരുന്നൂള്ളു.
വോൾഗ മാനിയാക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 2019-ൽ മൂന്ന് മില്യൺ റൂബിൾ (ഏകദേശം 30 ലക്ഷത്തോളം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഡിഎൻഎ തെളിവുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടർന്നു.
ഒടുവിൽ വർഷങ്ങൾക്ക് ശേഷം ആ കൊടുംകുറ്റവാളിയെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾ മുഴുവൻ കുറ്റങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.