ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക; അല്ലാത്തപക്ഷം ജീവൻ അവസാനിപ്പിക്കാൻ അനുവദിക്കുക; വിചിത്ര ആവശ്യവുമായി പുരോഹിതൻ

ലഖ്നൗ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക, യൂണിഫോം സിവിൽ കോഡ് നടപ്പാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങൾ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജീവൻ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും എന്ന വിചിത്ര ആവശ്യവുമായി പുരോഹിതൻ. അയോധ്യയിലെ തപസ്വി ഛവ്നിയുടെ മഹന്ത് പരംഹൻസ് ദാസാണ് ഈ ആവശ്യങ്ങളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്.

ജനസംഖ്യ നിയന്ത്രണം, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, യുവജനങ്ങൾക്ക് തൊഴിൽ, പശുവിനെ സംരക്ഷിത ദേശീയ വസ്തുവാക്കി പ്രഖ്യാപിക്കുക, രാമായണത്തെ ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുകയും എല്ലാ പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് പരംഹൻസ് ദാസ് മുന്നോട്ടുവെച്ച മറ്റ് ആവശ്യങ്ങൾ.

രാഷ്ട്രപതിക്ക് അയച്ച കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ ജില്ല മജിസ്ട്രേട്ട് എന്നിവർക്കും അയച്ചിട്ടുണ്ട്. ദേശീയ താൽപര്യത്തെ മുൻനിർത്തിയുള്ളതും രാജ്യം ഒരിക്കൽക്കൂടി വിഭജിക്കപ്പെടാതിരിക്കാനും വേണ്ടിയുള്ളതാണ് തന്റെ ആവശ്യങ്ങളെന്ന് പരംഹൻസ് ദാസ് പറയുന്നു.

ഏഴ് ആവശ്യങ്ങൾ ഉൾപ്പെട്ട കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ നടപ്പാക്കാത്ത പക്ഷം ജീവിതം അവസാനിപ്പിക്കാനുള്ള അനുമതി നൽകണം- പരംഹൻസ് ദാസ് പറഞ്ഞു.

ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബർ മാസത്തിൽ പരംഹൻസ് ദാസ് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് ഇടപെടുകയും അദ്ദേഹത്തിന്റെ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.