ചൈനീസ് ഡ്രോണുകളുടെ നിരീക്ഷണം; ഇന്ത്യൻ അതിർത്തിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാൻ പാക് ഭീകര സംഘടനകൾ

ന്യൂഡെൽഹി: ചൈനീസ് നിർമിത വലിയ ഡ്രോണുകൾ ഉപയോഗിച്ച് പഞ്ചാബിലെയും ജമ്മു കശ്മീരിലെയും അതിർത്തിക്ക് ഇപ്പുറത്തേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കൂടുതലായി കടത്താൻ പാക്കിസ്ഥാൻ നീക്കം. പാക് പിന്തുണയുള്ള ഭീകര സംഘങ്ങളും രഹസ്യാന്വേഷണ സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമാണ് (ഐഎസ്ഐ) ഇതിനു പിന്നില്ലെന്നാണ് കണ്ടെത്തൽ.

കുറച്ചു വർഷങ്ങളായി ചെറിയ തോതിലുള്ള ആയുധക്കടത്തിന് ഉപയോഗിച്ചിരുന്ന ഡ്രോണുകളുടെ നവീകരിച്ച പതിപ്പാണ് ഉപയോഗത്തിലുള്ളതെന്നു രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പുതിയതരം ഡ്രോണുകൾ വൻതോതിൽ ആയുധങ്ങൾ ഇന്ത്യയിലേക്കു ഒളിപ്പിച്ചു കടത്താൻ പാക്കിസ്ഥാനെ സഹായിക്കുന്നതായി ഡെൽഹിയിലെ ഭീകരവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

നിയന്ത്രണരേഖ കടന്നുപോകുന്ന ജമ്മു കശ്മീരിലെ ഉയർന്ന പർവതനിരകളിൽ മഞ്ഞുവീഴ്ചയുള്ളപ്പോൾ ഭീകരരുടെ നുഴഞ്ഞുകയറ്റം പ്രയാസമാണ്. ഇതു മറികടക്കാൻ ആയുധവാഹകശേഷി വർധിപ്പിച്ച ഡ്രോണുകളെ ആശ്രയിക്കുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

അതിർത്തി സംസ്ഥാനത്തു ഭീകരത സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പഞ്ചാബിലെ കർഷകരുടെ പ്രക്ഷോഭത്തെ ചൂഷണം ചെയ്യാൻ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഖലിസ്ഥാനി ഗ്രൂപ്പുകളും സഹായികളും നീക്കം നടത്തുകയാണ്.

പഞ്ചാബിൽ മാത്രം, 2019 ഓഗസ്റ്റ് 12 മുതൽ ആയുധങ്ങളുമായി 4 ചൈനീസ് ഡ്രോണുകളാണു പൊലീസ് കണ്ടെത്തിയത്. ഈ സംശയങ്ങളും കണ്ടെത്തലുകളും കേന്ദ്ര, ആഭ്യന്തര സുരക്ഷാ ഏജൻസികളെ സംസ്ഥാന പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്.