ഇന്ത്യയിൽ എല്ലാവർക്കും കൊറോണ വാക്സീൻ നൽകുമെന്ന് പറഞ്ഞിട്ടില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി; കൊറോണ വാക്സീൻ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ.കൊറോണ വൈറസിനെതിരെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനെക്കുറിച്ചു സംസാരിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 94,62,809 രോഗബാധകളും 1,37,621 മരണങ്ങളുമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യം മുഴുവൻ കൊറോണ വാക്സിനേഷൻ നൽകുന്നതിനെക്കുറിച്ചു സർക്കാർ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽമാത്രം ഇത്തരം ശാസ്ത്രീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതു പ്രധാനമാണ്’. ഇന്ത്യയിലെ ശരാശരി ദൈനംദിന പോസിറ്റീവ് നിരക്ക് 3.72 ശതമാനമാണ്. ഒരു ദശലക്ഷത്തിൽ 211 കേസുകൾ മാത്രം. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിനെതിരായ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയിലെ വാക്സീൻ സമയക്രമങ്ങളെ പ്രതികൂല സംഭവങ്ങൾ യാതൊരു തരത്തിലും ബാധിക്കില്ല എന്നായിരുന്നു ഭൂഷന്റെ മറുപടി.

എല്ലാ വലിയ രാജ്യങ്ങളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ കേസുകൾ ഇന്ത്യയിലാണ്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നതു യൂറോപ്യൻ രാജ്യങ്ങളിൽ കേസുകൾ വർധിക്കുകയാണെന്നാണ്. ഇന്ത്യയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. നവംബർ 11നും ഡിസംബർ ഒന്നിനും ഇടയിൽ പോസിറ്റീവ് നിരക്ക് 7.15 ശതമാനത്തിൽനിന്ന് 6.69 ശതമാനമായി. നവംബറിൽ ഇന്ത്യയിൽ രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരുടെ എണ്ണത്തേക്കാൾ കവിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. .