ലോസ്ഐൻസ്: ബാറ്റയുടെ 126 വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതല നൽകി സിഇഒ ആക്കിയത്. അഞ്ചുവർഷത്തിനുശേഷം ചുമതല ഒഴിയുന്ന അലെക്സിസ് നാസർദിനുപകരമാണ് നിയമനം.
യുണിലിവറിലെയും വോഡാഫോൺ ഇന്ത്യ ആൻഡ് യൂറോപ്പിലെയും 24 വർഷത്തെ സേവനത്തിനുശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്. ഐഐടി ഡൽഹി, എക്സ്എൽആർഐ ജംഷഡ്പുർ എന്നിവിടങ്ങളിൽനിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. എക്സ്എൽആർഐയിൽ പിജിഡിഎം 1993 ബാച്ചിലെ ഗോൾഡ് മെഡലിസ്റ്റാണ്.
ചെരുപ്പ് നിർമാണമേഖലയിലെ അതികായന്മാരായ ബാറ്റ 1894ലാണ് പ്രവർത്തനംതുടങ്ങിയത്. രൂപകല്പനയിലും നിർമാണത്തിലും മികവുപുലർത്തിയ കമ്പനി ആഗോളതലത്തിൽ വൈകാതെതന്നെ പ്രശസ്തമായി.
180 മില്യൺ ജോഡി ഷൂവാണ് പ്രതിവർഷം കമ്പനി വിൽക്കുന്നത്. 5,800ലേറെ റീട്ടെയിൽ ഷോപ്പുകൾ രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിർമാണ യൂണിറ്റുകളും കമ്പനിക്കുണ്ട്.