ലഖ്നൗ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ലളിത് മിശ്ര, റിങ്കു എന്ന കേശവാനന്ദ് മിശ്ര, അക്രം അലി എന്നിവരെയാണ് ബഹാദുർപുരിലെ വനത്തിൽനിന്ന് പോലീസ് പിടികൂടിയത്. പ്രാദേശിക ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ ബൽറാംപുർ സ്വദേശി രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് മൂവരും ചേർന്ന് കൊലപ്പെടുത്തിയത്.
ഗ്രാമമുഖ്യയായ കേശവാനന്ദിന്റെ മാതാവ് ഫണ്ട് തിരിമറി നടത്തിയ സംഭവം രാകേഷ് സിങ് വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് മൂന്ന് പ്രതികളും രാകേഷിന്റെ വീട്ടിലെത്തിയത്. സുഹൃത്ത് പിന്റുവും ഈ സമയം വീട്ടിലുണ്ടായിരുന്നു. തുടർന്ന് പ്രതികൾ ഇവർക്കൊപ്പം മദ്യപിച്ചു. ഇതിനുപിന്നാലെയാണ് രാകേഷിനെയും സുഹൃത്തിനെയും മുറിയിൽ പൂട്ടിയിട്ട് വീടിന് തീകൊളുത്തിയത്.
സാനിറ്റൈസർ ഉപയോഗിച്ചാണ് പ്രതികൾ വീടിന് തീകൊളുത്തിയതെന്നും സംഭവത്തിന് ശേഷം ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. പിന്റു സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പൊള്ളലേറ്റ രാകേഷ് സിങ് ആശുപത്രിയിലുമാണ് മരിച്ചത്.
പിടിയിലായ അക്രം അലി ഇത്തരം കുറ്റകൃത്യങ്ങൾ നടപ്പിലാക്കാൻ വിദഗ്ധനാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവം അപകടമാണെന്ന് വരുത്തിതീർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായാണ് കേശവാനന്ദ് അക്രം അലിയുടെ സഹായം തേടിയതെന്നും പോലീസ് പറഞ്ഞു.
അതിനിടെ, കൊല്ലപ്പെട്ട രാകേഷിന്റെ ഭാര്യയ്ക്ക് ബൽറാംപുർ ജില്ലാ ഭരണകൂടം അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറി. ഇവർക്ക് ബൽറാംപുർ ചിനി മിൽസ് ലിമിറ്റഡിൽ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാകേഷിന്റെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കുടുംബത്തിന് സുരക്ഷ ഏർപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.