ഷിപ്പിങ് കാർഗോ പാഴ്സൽ വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടു; കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ്

തിരുവനന്തപുരം: കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ഷിപ്പിങ് കാർഗോ വഴി എത്തിയ പാഴ്സൽ വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇടപെട്ടുവെന്ന കേസിലാണ് ഇഡിയുടെ നടപടി.

സംഭവത്തിൽ നേരത്തെ രണ്ട് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. കാർഗോ വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തി. ഇക്കാര്യം കോടതിയിലും അറിയിച്ചിരുന്നു. അന്ന് എത്തിയ ഷിപ്പിംഗ് കാര്‍ഗോ പരിശോധനയില്ലാതെയാണ് വിട്ടുനല്‍കിയതെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ.

കാര്‍ഗോയില്‍ കുപ്പിവെള്ളം ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതില്‍ സ്വര്‍ണമായിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. പരിശോധനയില്ലാതെ കാര്‍ഗോ വിട്ടുനല്‍കാന്‍ ഇടപെട്ട ഉന്നതനെ കണ്ടെത്താന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്.

കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് കാർഗോ കൊച്ചിയിലെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ പേരിലാണ് പാർസൽ വന്നത്. സംശയത്തെ തുടർന്ന് കാർഗോ പരിശോധിക്കാൻ അന്ന് അസസിങ് ഓഫീസർ നിർദേശിച്ചിരുന്നുവെങ്കിലും പിന്നീട് പരിശോധന ഇല്ലാതെ കർഗോ വിട്ടുകൊടുത്തു.

സ്വപ്നയുടെ നിർദേശപ്രകാരം ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നാണ് ഇഡി കണ്ടെത്തിയത്.