തിരുവനന്തപുരം: ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച്ഐവി ബാധിതരെ അകറ്റി നിർത്തരുതെന്നും കരുതൽ നൽകണമെന്നും പറയുമ്പോഴും സർക്കാരടക്കം ഇവരെ ഒറ്റപ്പെടുത്തന്നു. ഇവരിൽ പലരും വോട്ട് ബാങ്ക് അല്ലാത്തതിനാൽ പെൻഷൻ നൽകാനും സർക്കാർ മറന്നു. സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ പെന്‍ഷൻ മുടങ്ങിയിട്ട് 18 മാസമായി.
ലോക്ക് ഡൗണ്‍ സമയത്ത് 5000 രൂപ നല്‍കിയ തൊഴിച്ചാൽ സര്‍ക്കാര്‍, രോഗികളെ കയ്യൊഴിഞ്ഞ മട്ടാണ്. ഇതോടെ ചികിൽസകള്‍ക്കും മക്കളുടെ പഠനത്തിനും ജീവിതച്ചെലവിനുമടക്കം പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഇവർ.
എച്ച്ഐവിക്ക് മുന്നില്‍ പതറാതെ പിടിച്ചുനിന്നവര്‍ പക്ഷേ ഇപ്പോൾ ജീവിതച്ചെലവുകൾക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. ഇവർക്ക് സര്‍ക്കാര്‍ നൽകിയിരുന്ന 1000 രൂപ മാസ പെന്‍ഷൻ മുടങ്ങിയിട്ട് ഇപ്പൊൾ 18 മാസം ആയി.
പെന്‍ഷൻ മുടങ്ങിയെന്ന് സമ്മതിക്കുന്ന എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റി പറയുന്നത് സര്‍ക്കാര്‍ സഹായിച്ചാലേ പെന്‍ഷൻ കൊടുക്കാൻ കഴിയുകയുള്ളു എന്നാണ്. സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ച 3.2 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഇനി നല്‍കാൻ പണമില്ലെന്നാണ് എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റി പറയുന്നത്.
എച്ച്ഐവി ബാധിതരുടെ ചികില്‍സ സൗജന്യമാണ്. എന്നാൽ മറ്റ് അസുഖങ്ങൾ വന്നാല്‍ മരുന്ന് വാങ്ങാൻ പോലും കാശില്ല. പലരുടേയും ആരോഗ്യാവസ്ഥ മോശമാണ്. കഠിനമായ ജോലികള്‍ക്ക് പോകാനും കഴിയില്ല. ഇവരിൽ ചിലരുടെയെങ്കിലും മക്കള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.