മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെ 13 സർവീസുകൾ റെയിൽവേ പുനരാരംഭിക്കുന്നു

ന്യൂഡെൽഹി: മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.

ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും മധുര-പുനലൂർ എക്സ്പ്രസ് വെള്ളിയാഴ്ചയും സർവീസ് ആരംഭിക്കും. ദിവസേനയുള്ള വണ്ടികളാണ് എല്ലാം.

കൊറോണകാല സ്പെഷ്യൽ ആയതിനാൽ ഇവയിൽ ജനറൽ കമ്പാർട്ട്മെന്റുകളുണ്ടാവില്ല. എല്ലാം റിസർവേഷൻ കോച്ചുകളായിരിക്കും.

പകൽവണ്ടികളായ പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്സ്പ്രസുകൾ എന്ന് ഓടിത്തുടങ്ങുമെന്നു വ്യക്തമല്ല.

ചെന്നൈ-തിരുച്ചെന്തൂർ, ചെന്നൈ-കാരയ്ക്കൽ,മ ധുരവഴിയുള്ള കോയമ്പത്തൂർ-നാഗർകോവിൽ, ചെന്നൈ എഗ്മോർ-രാമേശ്വരം, ചെന്നൈ-നാഗർകോവിൽ, ചെന്നൈ-മന്നാർഗുഡി എന്നിവയാണ് വീണ്ടും സർവീസ് തുടങ്ങുന്ന മറ്റുവണ്ടികൾ.