ന്യൂഡെൽഹി: കൊറോണ ബാധ സ്ഥിരീകരിക്കുന്നതിനുള്ള ആർടി – പിസിആർ പരിശോധനയുടെ നിരക്ക് മൂന്നിലൊന്നായി വെട്ടിക്കുറച്ച് ഡെൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാർ. ഡൽഹിയിലെ സ്വകാര്യ ലാബുകളിൽ ആർടി – പിസിആർ പരിശോധന നടത്തുന്നതിന് ഇനി 800 രൂപമാത്രം നൽകിയാൽ മതി. 2,400 രൂപയാണ് നിലവിൽ സ്വകാര്യ ലാബുകൾ ഈടാക്കുന്നത്.
രാജ്യതലസ്ഥാനം കൊറോണ വൈറസിന്റെ മൂന്നാംഘട്ട വ്യാപനം നേരിടുന്നതിനിടെയാണ് സർക്കാർ കൊറോണ പരിശോധനയ്ക്കുള്ള ഫീസ് കുറച്ചിട്ടുള്ളത്. ഡെൽഹിയിൽ ആർടി – പിസിആർ പരിശോധന നടത്തുന്നതിന് ഈടാക്കുന്ന തുക കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഡെൽഹിയിലെ സർക്കാർ സ്ഥാപനങ്ങളിൽ കൊറോണ പരിശോധന സൗജന്യമായി നടത്താൻ കഴിയും. എന്നാൽ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നവർക്കും കുറഞ്ഞ നിരക്കിൽ ടെസ്റ്റ് നടത്താൻ ഇതോടെ സാധിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊറോണ പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തിൽ ഇടപെടില്ലെന്ന് ഐസിഎംആർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളാണ് അക്കാര്യത്തിൽ ഇടപെടൽ നടത്തേണ്ടതെന്നും നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് മഹാരാഷ്ട്രാ, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ആർടി – പിസിആർ പരിശോധനാ ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചിരുന്നു.
രാജ്യത്താകമാനം ആർടി – പിസിആർ പരിശോധനയുടെ ഫീസ് 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പരിശോധനയുടെ യഥാർഥ ചെലവ് 200 രൂപയാണെന്നിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആർടി – പിസിആർ പരിശോധന നടത്തുന്നതിനുള്ള ചെലവ് 900 രൂപ മുതൽ 2800 രൂപവരെയാണെന്നും ഹർജിയിൽ പറയുന്നു.
കൊറോണ വൈറസ് ടെസ്റ്റ് നടത്താൻ ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്ന് രണ്ടാംഘട്ട കൊറോണ വ്യാപനത്തിനിടെ സെപ്റ്റംബറിൽ ഡെൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. മേൽവിലാസം തെളിയിക്കുന്നതിനായി ആധാർ കാർഡുമായി എത്തി ഐസിഎംആറിന്റെ ഫോം പൂരിപ്പിച്ചു നൽകുന്ന ഡെൽഹി സ്വദേശികൾക്ക് എവിടെയും കൊറോണ പരിശോധന നടത്താം. ഡെൽഹിയിൽ ഇതുവരെ 5.6 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 9066 പേർ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചു.