തിരുവനന്തപുരം: പ്രൈസ് വാട്ടർഹൗസ് കൂപ്പര്‍ കമ്പനിക്ക് ഐ ടി വകുപ്പിന്‍റെ വിലക്ക്. രണ്ടു വർഷത്തേക്കാണ് പിഡബ്യുസിയെ ഐ ടി വകുപ്പ് വിലക്കിയത്. സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി.
കെ ഫോണുമായുള്ള കരാർ ഇന്ന് തീർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐ ടി വകുപ്പ് വിലക്കേർപ്പെടുത്തിയത്. ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കൺസൽട്ടന്റായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാൻ ചീഫ് സെക്രട്ടറി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഐടി വകുപ്പിലെ എല്ലാ പദ്ധതികളിൽ നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കാനും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസും സ്വപ്ന സുരേഷ് വിഷയവും ചർച്ചയായതോടെയാണ് പിഡബ്ലിയുസി യുമായുള്ള സർക്കാർ സഹകരണം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചത്.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഐടി വകുപ്പിന് കീഴിലെ കെസ്ഐടിഎല്ലിൽ ജോലി നേടുന്നത് പിഡബ്ല്യൂസി വഴിയാണ്. സ്വപ്നയുടേത് വ്യാജ ഡിഗ്രി സർട്ടിഫിക്കാറ്റാണെന്ന് തെളിഞ്ഞതിന് പിന്നാലെ സ്വപ്നയുടെ നിയമനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെഎസ്ഐടിഎൽ പിബ്ല്യൂസിക്ക് നോട്ടീസ് അയച്ചിരുന്നു. ‘
ഇമൊബിലിറ്റി സ്പേസ് പാർക്ക് പദ്ധതികളിൽ നിന്ന് പിഡബ്ല്യൂസിയെ മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വപ്ന ഐടി വകുപ്പിൽ ജോലി നേടിയത് മുൻ ഐടി സെക്രട്ടറി എം.ശിവശങ്കരന്റെ ശുപാർശയോടെയാണെന്ന ചീഫ് സെക്രട്ടറി തല സമിതിയുടെ കണ്ടെത്തൽ പുറത്തുവരുന്നത്. മറ്റ് പദ്ധതികളിൽ നിന്നും പിഡബ്ല്യൂസിയെ ഒഴിവാക്കണമെന്നും ഇവരുമായുള്ള എല്ലാ ഇടപാടുകൾ പരിശോധിക്കണമെന്നും ചീഫ് സെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
വ്യാജ ബിരുദ സർട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐടി വകുപ്പിന് കീഴിലെ കെഎസ്ഐടിഐഎല്ലിലെ സ്പേസ് പാർക്ക് പദ്ധതിയിൽ എത്തിയത്. സ്വപ്നയുടെ കണ്‍സൾട്ടൻസി സ്ഥാപനമായിരുന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന പിഡെബ്ള്യുസി. കെഎസ്ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്. ഇരുപത് ലക്ഷം രൂപയാണ് സ്വപ്നയുടെ സേവനത്തിന് കെഎസ്ഐടിഐഎൽ കണ്‍സൾട്ടൻസിയായി പിഡബ്ള്യുസിക്ക് നൽകിയത്.
ജയശങ്കർ പ്രസാദിന്‍റെ റിപ്പോർട്ടിംഗ് ഓഫീസർ അന്നത്തെ ഐടി സെക്രട്ടറി എം.ശിവശങ്കറായിരുന്നു. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ സ്വപ്നക്ക് കെഎസ്ഐടിഐഎല്ലിൽ കരാർ നിയമനം ലഭിക്കാൻ ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു. ശിവശങ്കറിന്‍റെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിൽ മാസം ഒരുലക്ഷത്തി ഏഴായിരം രൂപ ശമ്പളം ലഭിക്കുന്ന കരാർ നിയമനം നേടിയത് ഇരുവരും തമ്മിലുള്ള ബന്ധത്തിനുള്ള വലിയ തെളിവായി നേരത്തെ അന്വേഷണ ഏജൻസികൾ ഉയർത്തി കാട്ടിയിരുന്നു.