സിഎം രവീന്ദ്രനുമായി ബന്ധം: ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് റെയ്ഡ്

കോഴിക്കോട്: വടകരയിലെ ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന രാവിലെ ഒമ്പതുമണി മുതൽ 11.45 വരെ എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്.

സിഎം.രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ പന്ത്രണ്ട് സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഊരാളുങ്കൽ ആസ്ഥാനത്തും പരിശോധന നടത്തിയത്. ഊരാളുങ്കലിന് ലഭിച്ച കരാറുകളിലാണ് പരിശോധന നടന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കെത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്ക് എത്തി. കാർ വളരെ ദൂരെ പാർക്ക് ചെയ്‌ത ശേഷമാണ് ഇ.ഡി സംഘം സൊസൈറ്റിയിലെത്തിയത്.

അതേസമയം ചില ചോദ്യങ്ങൾ ചോദിച്ച ശേഷം എൻഫോഴ്‌സ്‌മെന്റ് മടങ്ങിയെന്നാണ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ പറയുന്നത്. റെയ്‌ഡ് നടന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. സർക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകൾ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. എന്തുകൊണ്ടാണ് ഊരാളുങ്കലിനു മാത്രം കൂടൂതൽ കരാറുകൾ ലഭിക്കുന്നുവെന്ന ചോദ്യം ഉയർന്നിരുന്നു.

രണ്ട് ദിവസങ്ങളിലായി സി.എം രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്തദിവസം കൊച്ചി യൂണിറ്റിന് റിപ്പോര്‍ട്ട് കൈമാറും.