‘രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണം ; മുദ്രാവാക്യം വിളികളുമായി ആരാധകര്‍; തീരുമാനം കാത്ത് തമിഴകം

ചെന്നൈ: തമിഴകം കാത്തിരിക്കുകയാണ് രജനീകാന്തിൻ്റെ വാക്കുകൾക്ക് . വികാരഭരിതമായ രംഗങ്ങളോടെ നടന്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ശക്തമായി ഉന്നയിച്ചത്. രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന് ആരാധക കൂട്ടായ്‍മ ഭാരവാഹികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് യോഗഹാളിന് പുറത്ത് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റണമെന്ന് ആരാധകര്‍ ആവശ്യം ശക്തമാക്കിയതിന് ഇടയിലാണ് മക്കള്‍ മണ്‍റം യോഗം ചേരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്.

സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഉടനീളം ആരാധകർ പോസ്റ്റർ പതിച്ചിരുന്നു. കഴിഞ്ഞയാഴ്ച ബി ജെ പി നേതാവ് അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിക്ക് അനുകൂലമായി രജനികാന്തിനെ രംഗത്തിറക്കാനുള്ള ശ്രമം വിഫലമായിരുന്നു.