ന്യൂഡെൽഹി: പരിശീലനപ്പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണ നാവികസേനാ വിമാനം മിഗ്-29കെയുടെ ഭാഗങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ നാവികസേന. ടർബോ ചാർജർ, ഇന്ധന ടാങ്കർ, മറ്റു ചില ഭാഗങ്ങൾ എന്നിവയാണു കണ്ടെത്തിയത്. മാനവാഹിനിയായ ഐഎൻഎസ് വിക്രമാദിത്യയിൽനിന്നു പറന്ന വിമാനം വെള്ളിയാഴ്ച വൈകുന്നേരമാണു തകർന്നു വീണത്.
കാണാതായ പൈലറ്റ് കമാൻഡർ നിഷാന്ത് സിംഗിനു വേണ്ടി തെരച്ചിൽ പുരോഗമിക്കുകയാണ്. 9 യുദ്ധക്കപ്പലുകളും 14 വിമാനങ്ങളും ഉപയോഗിച്ചാണ് തെരച്ചിൽ.
ഇന്ത്യൻ നാവികസേനയുടെ ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റും തീരത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, മറൈൻ, കോസ്റ്റൽ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സേന അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.