കോവിഷീൽഡ് വാക്‌സിൻ; ആരോഗ്യ പ്രശ്‌നങ്ങളെന്ന് ആരോപണമുന്നയിച്ചയാൾക്ക് എതിരേ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ചെന്നൈ: കോവിഷീൽഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപണമുന്നയിച്ചയാൾക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ചെന്നൈ സ്വദേശിയായ നാൽപതുകാരനെതിരെയാണ് നടപടി. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും അഞ്ച് കോടി രൂപ നഷ്ടപപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇയാൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടി.

ഒക്ടോബർ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇയാൾ വാക്‌സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്നങ്ങളും ഉണ്ടായെന്നും അതിനാൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് തനിക്ക് അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യമാണ് ഇയാൾ ഉയർത്തിയത്. കോവിഷീൽഡ് വാക്സിന്റെ നിർമാണവും വിതരണവും ഉടൻ നിർത്തിവെക്കണമെന്നും ആവശ്യപ്പെടുന്നു.

പരാതിക്കാരന്റെ ആരോഗ്യസ്ഥിതിയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും, എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് വാക്‌സിനുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാദം.പണം തട്ടിയെടുക്കാനായാണ് നാൽപതുകാരൻ അടിസ്ഥാനഹരിതമായ ആരോപണമുയർത്തുന്നതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.

അതേസമയം പരാതിക്കാരന്റെ ആരോഗ്യപ്രശ്‌നങ്ങളും, വാക്‌സിൻ പരീക്ഷണവും തമ്മിൽ ബന്ധമില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി ഐസിഎംആർ അറിയിച്ചു. ഇക്കാര്യത്തിൽ തിരക്കിട്ട അന്വേഷണമില്ലെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു.