ന്യൂഡെൽഹി:കാർഷിക നിയമങ്ങൾ കർഷകരുടെ നന്മയ്ക്കുവേണ്ടിയുളളതാണെന്ന് കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് മൻകിബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യൻ കർഷകർക്ക് അവസരത്തിന്റെ വാതിലുകൾ തുറന്നിരിക്കുകയാണ്. കാലങ്ങളായി കർഷകർ ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോൾ നിറവേറ്റിയിരിക്കുന്നത്.
മറ്റുസർക്കാരുകൾ ഈ ആവശ്യങ്ങൾ തമസ്കരിക്കുകയായിരുന്നു. ഏറെ ആലോചിച്ചശേഷമാണ് സർക്കാർ നിയമങ്ങൾക്ക് രൂപം നൽകിയത്. കർഷകർക്കുണ്ടായിരുന്ന മിക്ക പ്രതിബന്ധങ്ങളും നിയമം നടപ്പിലാക്കിയതോടെ അവസാനിച്ചു. അവർക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും ലഭിച്ചു-പ്രധാനമന്ത്രി പറഞ്ഞു.
പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്കാരം വളരെയധികം സഹായിക്കുന്നുവെന്നും മൻകിബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കൊറോണ ആഗോള പകർച്ചവ്യാധിയുടെ കാലത്ത് നമ്മൾ സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഭാരതസംസ്ക്കാരം ലോകത്തെ മുഴുവൻ ആകർഷിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ മറ്റുരാജ്യങ്ങളിൽ നിന്ന് നിരവധിപേർ ഇവിടെയെത്തുന്നുണ്ട്. ഇവരിൽ പലരും ഇന്ത്യയുടെ ?സാംസ്കാരിക അംബാസഡർമാരായാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത്.- മോദി പറഞ്ഞു