വിവി രാജേഷിൻ്റെ പേര് രണ്ടിടത്തെ വോട്ടർ പട്ടികയിൽ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐ

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സ്ഥാനാർത്ഥിയുമായ വിവി രാജേഷ് രണ്ടിടത്തെ വോട്ടർ പട്ടികയിലുൾപ്പെട്ടെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐ പരാതി നൽകി. തെരഞ്ഞെെടുപ്പ് ചട്ടലംഘനമാണ് ഇതെന്ന് സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.രാജേഷിന്റെ പേരുൾപ്പെട്ട നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോർപറേഷനിലെയും വോട്ടർ പട്ടികകളുടെ പകർപ്പ് സിപിഐ പുറത്തുവിട്ടു.

കോർപറേഷനിലെ പൂജപ്പുര വാർഡിൽ മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഒരേ സമയം രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടെന്നാണ് സിപിഐയുടെ പരാതി. വിവരം മറച്ചുവെച്ച്‌ നാമനിർദ്ദേശ പത്രിക സമർപ്പിച്ച രാജേഷിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകി.

നെടുമങ്ങാട്ടെ കുടുംബ വീടുൾപ്പെടുന്ന 16ാം വാർഡിലെയും കോർപറേഷനിലെ വഞ്ചിയൂർ വാർഡിലെയും വോട്ടർ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളത്. അതേസമയം വഞ്ചിയൂരിലേക്ക് താമസം മാറുമ്പോൾ തന്നെ നെടുമങ്ങാട്ടെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാൻ കത്ത് നൽകിയിരുന്നുവെന്നാണ് രാജേഷ് വിശദീകരിക്കുന്നത്.