സിങ്കപ്പുർ: ഗർഭിണിയായിരിക്കെ കൊറോണ ബാധിച്ച യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിൽ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികൾ കണ്ടെത്തി. ഇത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ആൻ്റി ബോഡി വളരാമെന്ന പഠനത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നു.
മാർച്ചിൽ കൊറോണ ബാധിതയായ സെലിൻ നിഗ്-ചാൻ ഈ മാസമാണ് കുഞ്ഞിന് ജന്മം നൽകിയത്. ജനിച്ചയുടനെ നടത്തിയ പരിശോധനയിൽ കുഞ്ഞിന് രോഗമില്ല എന്ന കാര്യം സ്ഥിരീകരിച്ചു. പക്ഷെ കുഞ്ഞിന്റെ ശരീരത്തിൽ വൈറസിനെതിരെയുള്ള ആന്റിബോഡികൾ കണ്ടെത്തി. സെലിന്റെ ശരീരത്തിൽ നിന്ന് കുഞ്ഞിലേക്ക് ആന്റിബോഡികൾ എത്തിച്ചേർന്നതാവാമെന്നാണ് വിദഗ്ധർ കരുതുന്നത്.
മാർച്ചിലാണ് സെലിന് കൊറോണ ബാധിച്ചത്. രോഗം ഗുരുതരമാകാത്തതിനാൽ രണ്ടര ആഴ്ച ചികിത്സയിൽ കഴിഞ്ഞ ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങി. കുഞ്ഞിനെ ഗർഭപാത്രത്തിൽ ആവരണം ചെയ്തിരുന്ന ദ്രാവകസാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
കൊറോണ രോഗിയായ അമ്മയിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂർവമാണെന്ന് ജാമ പീഡിയാട്രിക്സിൽ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
അമ്മയിൽ നിന്ന് ഭ്രൂണാവസ്ഥയിലോ ഗർഭാവസ്ഥയിലോ പ്രസവസമയത്തതോ കുഞ്ഞിലേക്ക് കൊറോണ പകരുമെന്ന കാര്യത്തിൽ ഇതു വരെ സ്ഥിരീകരണമില്ലെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. എമർജിങ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കൊറോണ രോഗിയായ അമ്മയ്ക്ക് ജനിക്കുന്ന കുട്ടികളിൽ കാണപ്പെടുന്ന ആന്റിബോഡികളെ കുറിച്ചും കാലക്രമേണ അവയിൽ വരുന്ന കുറവിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.