ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തി യതിനെ തുടർന്ന് അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ ശക്തമാക്കി. അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കശ്മീരിലെആർ എസ് പുര സെക്ടർ മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോൺ പറക്കുന്നത് ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ ഡ്രോണിന് നേരെ സൈനികർ വെടിയുതിർത്തു.
സൈനികർ വെടിയുതിർക്കാൻ ആരംഭിച്ചതോടെ ഡ്രോൺ പാകിസ്ഥാൻ ഭാഗത്തേക്ക് തിരിച്ചു പോയി. തുടർന്ന് പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ചയും നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ മെന്താർ സെക്ടറിലാണ് കഴിഞ്ഞ ആഴ്ച്ച ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്.
കഴിഞ്ഞ മാസം ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. ബിഎസ്എഫ് ഡ്രോണിനു നേരേ വെടിയുതിർത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ജമ്മു കശ്മീരിലേക്ക് ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ കടത്താനും പാകിസ്താൻ ശ്രമിക്കുന്നുണ്ട്.