കർഷക പ്രതിഷേധം; പോരടിച്ച് മുഖ്യമന്ത്രിമാർ; ‘ഡെൽഹി ചലോ’ മാർച്ചിന് പിന്നിൽ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണെന്ന്​ ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഢ്: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. കർഷകരുടെ പേരിൽ മുഖ്യമന്ത്രിമാർ തമ്മിൽ പോരടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിന്​ പിന്നിൽ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണെന്ന്​ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുറന്നടിച്ചു.

പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഹരിയാന മുഖ്യമന്ത്രി ഖട്ടറും ട്വിറ്ററിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. പഞ്ചാബിൽ കർഷകർ സമാധാനപരമായാണ്​ സമരം ചെയ്​തതെന്നും ഹരിയാന സർക്കാർ അവരെ പ്രകോപിതരാക്കുന്നുവെന്നുമാണ്​ അമരീന്ദർ ആരോപിച്ചത്​. എന്നാൽ ഞാനിതിൽ രാഷ്​ട്രീയം കാണുന്നില്ലെന്നും നിഷ്​കളങ്കരായ കർഷകരെ ഇളക്കിവിടുന്നത്​ നിർത്തണമെന്നും ഖട്ടർ തിരിച്ചടിച്ചു.

പഞ്ചാബിലെ കർഷകരാണ്​ ​പ്രതിഷേധിക്കുന്നത്​. ഹരിയാനയിലെ കർഷകർ മാറിനിന്നു. സംയമനം പാലിച്ചതിന്​ ഹരിയാനയിലെ കർഷകർക്കും പൊലീസിനും നന്ദി പറയുന്നു. ഈ സമരത്തിന്​ ഉത്തരവാദി പഞ്ചാബ്​ മുഖ്യമന്ത്രിയാണ്​. പഞ്ചാബ്​ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ളവരാണ്​ പ്രതിഷേധം നയിക്കുന്നത്​” -ഖട്ടർ മാധ്യമ​ങ്ങളോട്​ പ്രതികരിച്ചു. പഞ്ചാബ്​ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ളവരാണ്​ സമരം നയിക്കുന്നതെന്നും ഖട്ടർ ആരോപിച്ചു.