മുംബൈ: ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ശിവസേന. കേന്ദ്രത്തിൻ്റെ സമ്മർദ്ദ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് ശിവസേന. ചില തന്ത്രങ്ങൾ പ്രയോഗിച്ച് സമ്മർദ്ദ രാഷ്ട്രീയം ചെലുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് മഹാരാഷ്ട്രയിൽ വലിയ സ്വാധീനം ഉണ്ടാക്കുകയില്ല.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാറിൻ്റെ സമ്മർദ്ദ രാഷ്ട്രീയത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അറിയാമെന്നും കേന്ദ്ര ഏജൻസികളെ അവർ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു.
‘മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും എല്ലായ്പ്പോഴും സമ്മർദ്ദ രാഷ്ട്രീയം ഉണ്ടാകും. ആരെങ്കിലും ഞങ്ങൾക്കുമേൽ സമ്മർദ്ദ രാഷ്ട്രീയം ചെലുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അവരെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഞങ്ങളും രാജ്യത്തെ ജനങ്ങളും സുതാര്യ രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ ഞങ്ങൾ നിശബ്ദമായി നിരീക്ഷിക്കുകയാണ്. ഞങ്ങൾ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയിൽ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിൻ്റെ ഓഫീസിലും വസതിയിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതാണ് സഞ്ജയ് രാവത്തിനെ ചൊടിപ്പിച്ചത്.