തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്എഫ്ഇ ചിട്ടികളിൽ വ്യാപകമായി കള്ളപ്പണം നിക്ഷേപിക്കുന്നെന്ന സംശയത്തില്‍ വിജിലന്‍സ്. കെഎസ്എഫ്ഇയുടെ 40ഓളം ശാഖകളില്‍ വിജിലന്‍സ് നടത്തിയ ‘ഒപറേഷന് ബചത്’ മിന്നല്‍ പരിശോധനയിലാണ് തെളിവുകള്‍ ലഭിച്ചത്.
ചിട്ടികളില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ സുദേ സുദേഷ്കുമാറിന്റെ നിര്‍ദേശാനുസരണം വിജിലന്‍സ് മിന്നല്‍ പരിശോധന നടന്നത്.
ചിട്ടികളുടെ നടത്തിപ്പില്‍ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം ചിട്ടിയില്‍ നിക്ഷേപിക്കുന്നവരുണ്ടെന്ന് രേഖകള്‍ പരിശോധിച്ചതില്‍നിന്ന് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ഒരു ബ്രാഞ്ചില്‍ ഒരാള്‍ പ്രതിമാസം വിവിധ ചിട്ടികളിലായി ഒമ്പത് ലക്ഷവും മറ്റൊരാള്‍ നാലര ലക്ഷവും നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ വിശദാംശങ്ങള്‍ വിജിലന്‍സ് കെണ്ടടുത്തിട്ടുണ്ട്. നികുതി അടക്കുന്നതില്‍നിന്ന് രക്ഷപ്പെടുന്നതിനുള്പ്പെടെ ഈ ചിട്ടികള്‍ ഉപയോഗിക്കുന്നെന്ന സംശയവും വിജിലന്‍സ് പ്രകടിപ്പിക്കുന്നുണ്ട്. മിക്ക ബ്രാഞ്ചുകളിലും ചിട്ടികളുടെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
പൊള്ളച്ചിട്ടികളുടെ പേരില്‍ കെഎസ്എഫ്ഇയുടെ തനത് ഫണ്ട് തന്നെ നഷ്ടപ്പെടുത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 40 പേരുള്‍പ്പെട്ട ചിട്ടിയില്‍ 25 പേരെ മാത്രം ഉള്‍െപ്പടുത്തി നറുക്കെടുപ്പ് ആരംഭിക്കുകയും ബാക്കി 15 പേരുകള്‍ വ്യാജമായി ഉപയോഗിക്കുകയും അവരുടെ പണം തനത് ഫണ്ടില്‍നിന്ന് ഇതില്‍ നിക്ഷേപിക്കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
പലയിടങ്ങളിലും നടത്തിയ പരിേശാധനകളില് 20ലധികം ചിട്ടികളില്‍ ചേര്ന്നിട്ടുള്ളവര് നിരവധിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ തങ്ങള്‍ ജോലി ചെയ്യുന്ന ബ്രാഞ്ചുകളിലെ ചിട്ടികളില്‍ ചേരരുതെന്നാണ് വ്യവസ്ഥയെങ്കിലും അതൊക്കെ ലംഘിച്ച് പല ജീവനക്കാരും സ്വന്തം ബ്രാഞ്ചുകളില്‍ നിരവധി ചിട്ടികളില്‍ ഒരേസമയം ചേര്‍ന്നിട്ടുണ്ടെന്നും പരിശോധനയില്‍ കെണ്ടത്തിയിട്ടുണ്ട്.
റവന്യൂ റിക്കവറി നടപടികളില്‍ ഗുരുതര വീഴ്ചയാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഒരു ബ്രാഞ്ചില്‍ മാത്രം 1.86 കോടി രൂപയുടെ റവന്യൂ റിക്കവറി നടപടികളില്‍ ഒരു തുടര്‍നടപടികളും കൈക്കൊണ്ടിട്ടില്ല. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തി വരികയാണെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.