കോല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ചു. അധികാരി രാജിക്കത്ത് മുഖ്യമന്ത്രി മമതാ ബാനർജിക്കും പകർപ്പ് ഗവർണർ ജഗ്ദീപ് ധൻകറിനും നൽകി. സംസ്ഥാന ഗതാഗത-ജലവിഭവ മന്ത്രിയായിരുന്ന സുവേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.
തൃണമൂലിൽ നിന്ന് രാജിവച്ച് സുവേന്ദു ബിജെപിയിൽ ചേരുമെന്നാണ് സൂചന. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സുവേന്ദുവിന്റെ നീക്കമെന്നാണ് കരുതുന്നത്. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. അധികാരിക്കൊപ്പം പിതാവും ബിജെപിയിലേക്ക് കൂടുമാറുമെന്നാണ് റിപ്പോർട്ടുകൾ.
നന്ദിഗ്രാമിൽനിന്ന് നിയമസഭയിലെത്തിയ സുവേന്ദു കഴിഞ്ഞ മൂന്നുമാസമായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. സുവേന്ദു സ്വന്തം നിലക്ക് റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പാർട്ടിയുടെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെയായിരുന്നു റാലി നടത്തിയത്.