മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണമെന്ന് മുംബൈ ഹൈക്കോടതി. കോർപ്പറേഷന്റേത് പ്രതികാര നടപടിയാണെന്നും കോടതി വിമർശിച്ചു.
കങ്കണയുടെ ഓഫീസ് പൊളിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി.
കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവര്‍ സംയമനം പാലിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ ട്വീറ്റല്ല കോടതിയുടെ പ്രശ്നമെന്നും കെട്ടിടം പൊളിച്ചുമാറ്റിയതാണെന്നും കോടതി പറഞ്ഞു.
ഉത്തരവാദിത്തമില്ലാത്തവരുടെ പ്രസ്താവനകള്‍ അവഗണിക്കുകയാണ് വേണ്ടത്. ഒരു സിവില്‍ സൊസൈറ്റിയില്‍ സ്റ്റേറ്റ് മസില് പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
കങ്കണക്കെതിരെയുള്ള സാമ്നയിലെ ലേഖനവും സഞ്ജയ് റാവത്തിന്റെ പരമാര്‍ശവും കോടതി തെളിവായി സ്വീകരിച്ചു. ബിഎംസിയുടെ നടപടി പ്രതികാരബുദ്ധിയോടെയാണ്. കങ്കണയെ ഭയപ്പെടുത്തി നിശബ്ദയാക്കുക എന്നതായിരുന്നു ശ്രമമെന്നും ഡിവിഷന് ബെഞ്ച് ജഡ്ജിമാരായ എസ്ജെ കത്താവാല, റിയാസ് ഛഗ്ല എന്നിവര്‍ നിരീക്ഷിച്ചു.
പൊളിച്ചുമാറ്റിയ ഭാഗം ബിഎംസി നിര്‍മ്മിച്ചുനല്‍കണമെന്നും അതിനായി കങ്കണക്ക് അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ വിദഗ്ധര്‍ നഷ്ടം കണക്കാക്കണമെന്നും കോടതി പറഞ്ഞു.
മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സെപ്തംബര്‍ ഒന്‍പതിന് മുംബൈയിലെ പാലി ഹില്ലിലെ കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത്. അതിനുമുന്‍പ് കങ്കണ ശിവസേനയ്ക്കെതിരെയും മുംബൈ സര്‍ക്കാരിനെതിരെയും പ്രതികരിച്ചിരുന്നു. ഇതിന്റെ ഫലമായാണ് തനിക്കെതിരെ ഇങ്ങനെയൊരു നടപടിയെടുത്തതെന്നായിരുന്നു കങ്കണയുടെ വാദം.
ഓഫീസ് കെട്ടിടം കോർപ്പറേഷൻ പൊളിച്ചതിനെതിരേ കങ്കണ ഹൈക്കോടതിയെ സമീപിച്ചതോടെ പൊളിക്കൽ നടപടി ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞിരുന്നു. തുടർന്ന് കങ്കണയുടെ പരാതിയിൽ മറുപടി നൽകാനും കോടതി കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.
വീട് പൊളിച്ചതിന് രണ്ട് കോടി രൂപ കങ്കണ നഷ്ടപരിഹാരം താരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം നൽകണമെന്ന കങ്കണയുടെ ആവശ്യം അടിസ്ഥാന രഹിതമാണെന്നാണ് കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചത്. മുംബൈ കോർപ്പറേഷന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നത്.