ന്യൂഡൽഹി: ‘ഡെൽഹി ചലോ’ കർഷക മാർച്ചിൽ സംഘർഷം. ഡെൽഹി -ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. കർഷക മാർച്ചിന് നേരെ ഡെൽഹി അതിർത്തിയിലാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. നേരത്തേ കണ്ണീർ വാതകവും കർഷകർക്ക് നേരെ പ്രയോഗിക്കുകയും ചെയ്തിരുന്നു. ടിക്രി അതിർത്തിയിലും സംഘർഷം തുടരുകയാണ്.
കർഷകർ രാജ്യതലസ്ഥാനത്തേക്ക് അടുക്കുന്നതോടെ സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ ഡെൽഹി പൊലീസ് സർക്കാരിനോട് അനുമതി തേടി. ഒമ്പതോളം സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റാനാണ് പൊലീസിൻ്റെ നീക്കം. രണ്ടു ദിവസമായി നടക്കുന്ന മാർച്ചിൽ നൂറുകണക്കിന് കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്നിലധികം തവണയാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചത്. 70 വയസിന് മുകളിലുള്ളവരാണ് കർഷകരിൽ അധികവും. പലർക്കും ശ്വാസതടസവും ശാരീകരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഒരു കർഷകനെ പോലും രാജ്യ തലസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. എന്നാൽ എന്തുവന്നാലും തങ്ങൾ പ്രതിഷേധവുമായി മുമ്പോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് കർഷകർ.
ഡെൽഹി അതിർത്തിയിൽ പൊലീസ് വാഹനങ്ങൾ തടയുകയാണ്. കൂടുതൽ പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു.