ആശുപത്രിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ച് വലിച്ച് തെരുവ് നായ ; ഞെട്ടുന്ന വേദനാജനകമായ കാഴ്ച

ലക്‌നൗ: ആശുപത്രിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ച് വലിച്ച് തെരുവ് നായ. സര്‍ക്കാര്‍ ആശുപത്രിയിലെ അനാസ്ഥയിങ്ങനെ. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹമാണ് തെരുവ് നായ കടിച്ച് വലിച്ചത്. ഏറെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയും ദൃശ്യവുമാണ് പുറത്തുവന്നത്.

റോഡപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹമാണ് ആശുപത്രി വരാന്തയില്‍ സ്‌ട്രെക്ചറില്‍ കിടത്തിയിരുന്നത്. വെള്ളത്തുണി പുതപ്പിച്ച് കിടത്തിയിരുന്ന മൃതശരീരത്തില്‍ നായ നക്കുന്നതും കടിച്ച് വലിക്കുന്നതും കാണാം. സ്‌ട്രെച്ചറിന്റെ മുകളില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിവെച്ച് മൃതദേഹം തെരുവുനായ കരണ്ടു തിന്നുന്നതാണ് വീഡിയോയിലുള്ളത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്.

റോഡപകടത്തില്‍ പെട്ട് പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം കുറ്റപ്പെടുത്തി.

ഒന്നര മണിക്കൂറോളം മൃതദേഹം അശ്രദ്ധമായി സൂക്ഷിച്ചതായി കുട്ടിയുടെ അച്ഛന്‍ ചരണ്‍ സിങ് പറഞ്ഞു. ആശുപത്രിയില്‍ തെരുവുനായശല്യമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബാംഗങ്ങളെ ഏല്‍പിച്ചതായും പോസ്റ്റ് മോര്‍ട്ടം നടത്താതെ മൃതദേഹം കൊണ്ടുപോകുകയുമായിരുന്നെന്ന് അധികൃതര്‍ പറയുന്നു.

കൊണ്ടു പോകുന്നതിനിടെ മൃതദേഹം വെച്ചിരുന്ന സ്ഥലത്ത് നായ എത്തിയതാവാമെന്നും ഡോക്ടര്‍ സുശീല്‍ വര്‍മ പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഒരു തൂപ്പുകാരനേയും വാര്‍ഡ് ബോയിയേയും സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണസമിതി രൂപീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.