താനെ: മഹാരാഷ്ട്രയിലെ ഷാഹപുർ താലൂക്കിലെ ഗ്രാമത്തിൽ, ദുർമന്ത്രവാദിയായ ഒരു യുവാവിനെയും, മറ്റു രണ്ടുപേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട്, മരിച്ച മൂന്നു യുവാക്കളുടെയും സ്നേഹിതൻ കൂടിയായ മറ്റൊരാളെ ഷഹപുർ പോലീസ് അറസ്റ്റുചെയ്തു.
ഈ മൂന്നു പേരോടും ഒപ്പം, ദുർമന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് ആത്മഹത്യക്ക് തയ്യാറെടുത്ത യുവാവ്, അവസാന നിമിഷമുണ്ടായ മനശ്ചാഞ്ചല്യത്താൽ കൃത്യത്തിൽ നിന്ന് പിന്മാറുകയാണുണ്ടായത്. മരിച്ച ദുർമന്ത്രവാദിക്കെതിരെയും, അവസാന നിമിഷം ആത്മഹത്യയിൽ നിന്ന് പിന്മാറിയ ഈ യുവാവിനെതിരെയും പൊലീസ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടുണ്ട്.
നിതിൻ ബെഹ്‌രെ(35) യെന്ന ദുർമന്ത്രവാദി, മുകേഷ് ഗൈവാത്ത്(22), മഹേന്ദ്ര ദുബെലെ(30) എന്നീ രണ്ടു യുവാക്കൾ, എന്നിവരുടെ മൃതദേഹമാണ് നവംബർ 14 -ന്, ഒരു മരക്കൊമ്പിൽതൂങ്ങിയാടുന്ന നിലയിൽ കാണപ്പെട്ടത്. ചന്ദ്രോദയ സമയത്ത് സാരികൊണ്ട് മരക്കൊമ്പിൽ കെട്ടിത്തൂങ്ങി ജീവൻ ബലിയർപ്പിച്ചാൽ, താൻ ആരാധിക്കുന്ന മൂർത്തിയുടെ പിൻബലത്തോടെ, അമാനുഷികമായ സിദ്ധികളോടെ അതേ മരത്തിൽ നിന്ന് താഴെയിറങ്ങാമെന്ന് ആഭിചാരക്രിയകൾ നടത്തിയിരുന്ന നിതിൻ വിശ്വസിച്ചിരുന്നു.
അതുതന്നെ ഈ രണ്ടു യുവാക്കളെയും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ നവംബർ 14 ന് രാത്രി ഈ കൂട്ട ആത്മഹത്യ എന്ന ആഭിചാര ക്രിയയിൽ പങ്കെടുക്കാൻ ചെന്ന സച്ചിൻ കൺകോഷേ യെന്ന ഒരു യുവാവ് മാത്രം അവസാന നിമിഷം മനസ്സുമാറി ആത്മഹത്യയിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്.
ഈ ആത്മഹത്യക്ക് വേണ്ട സാരിയും മറ്റും വാങ്ങാൻ മരിച്ച മൂന്നുപേർക്കും ഒപ്പം സച്ചിനും പോയിരുന്നു എന്നും, ഇവർ ആത്മാഹുതി ചെയ്യും എന്ന് അറിഞ്ഞുവെച്ചിരുന്നുകൊണ്ട് അത് തടയാൻ യാതൊന്നും പ്രവർത്തിക്കാതിരുന്നതിന്റെ പേരിലാണ് സച്ചിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തപ്പെട്ടിട്ടുളളത്.
പൊലീസുകാർ കൂട്ട ആത്മഹത്യ നടന്ന സ്ഥലത്ത് എത്തിയപ്പോൾ ഈ മരക്കൊമ്പിൽ നാലാമത് ഒരു കുരുക്ക് കൂടി ഉണ്ടായിരുന്നു. ആ കുരുക്കാണ് ഈ കേസിൽ ഇനിയും ഒരാൾ കൂടി ഉണ്ട് എന്ന സംശയം പൊലീസിൽ ജനിപ്പിച്ചത്. നിതിൻ ബെഹ്‌രെയുടെ വീട് പരിശോധിച്ച പൊലീസ് അവിടെ നിന്ന് ആഭിചാരത്തെക്കുറിച്ചും, ദുര്മന്ത്രവാദത്തെക്കുറിച്ചുമുള്ള നിരവധി സചിത്ര പുസ്തകങ്ങൾ കണ്ടെടുക്കുകയുണ്ടായി.