ന്യൂഡെൽഹി: ആന്ധ്ര പ്രദേശ് മുൻ അഡ്വക്കേറ്റ് ജനറലും സുപ്രീം കോടതി ജഡ്ജിയുടെ അടുത്ത ബന്ധുക്കളും ഉൾപ്പെട്ട അമരാവതി ഭൂമി കുംഭകോണ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ആന്ധ്ര ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. സുപ്രീം കോടതിയുടെ അന്തിമ തീർപ്പ് ഉണ്ടാക്കുന്നത് വരെ എഫ്ഐആർ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ തീരുമാനം എടുക്കരുതെന്നും ആന്ധ്ര ഹൈക്കോടതിയോട് നിർദേശിച്ചു.
ചന്ദ്രബാബു നായിഡുവിന്റെ ഭരണ കാലത്ത് ആന്ധ്ര പ്രദേശിന്റെ അഡ്വക്കേറ്റ് ജനറലായിരുന്ന ഡി. ശ്രീനിവാസും സുപ്രീം കോടതി ജഡ്ജിയുടെ 2 പെൺമക്കളും ഉൾപ്പടെ 13 പേർക്ക് എതിരെയാണ് അമരാവതി ഭൂമി കുംഭകോണത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിന്റെ അന്വേഷണം ആന്ധ്ര ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മാധ്യമങ്ങൾ കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ഹൈക്കോടതി വിലക്കിയിരുന്നു.
മാധ്യമ റിപ്പോർട്ടിങ്ങിനുള്ള വിലക്ക് സ്റ്റേ ചെയ്തെങ്കിലും കേസിൽ അന്വേഷണം നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അന്വേഷണത്തിനും മാധ്യമ റിപ്പോർട്ടിങ്ങിനും ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയ്ക്കെതിരെ ആന്ധ്ര പ്രദേശ് സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മുൻ അഡ്വക്കേറ്റ് ജനറലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജഗൻ മോഹൻ റെഡ്ഡി സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാജീവ് ധവാൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എങ്ങനെയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതിക്ക് അന്വേഷണം സ്റ്റേ ചെയ്യാൻ കഴിയുകയെന്ന് ധവാൻ ആരാഞ്ഞു.
ആന്ധ്ര പ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ നൽകിയ ഹർജിയിൽ ജനുവരിയിൽ അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അത് വരെ മുൻ അഡ്വക്കേറ്റ് ജനറൽ കേസിനെതിരെ നൽകിയ ഹർജിയിൽ വിധി പ്രസ്താവിക്കരുതെന്നും ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു.