ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ ആഞ്ഞ് വീശും. ശക്തമായ മഴയാണ് പലയിടത്തും. നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗത പ്രതീക്ഷിച്ചതിലും വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 145 കിലോമീറ്റര്‍ വേഗതയില്‍ പുതുച്ചേരിയില്‍ കാറ്റ് വീശുമെന്നുള്ള റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. നിവാര്‍ കൊടുങ്കാറ്റായി മാറുന്ന അവസ്ഥയ്ക്ക് സാക്ഷിയാകേണ്ടിവരും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
നിവാര്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ കുടലൂരില്‍ 290 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. കുടലൂരിന് തെക്കു-കിഴക്കായിട്ടാണ് കാറ്റ് വീശിയത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി തീവ്രമാകാന്‍ സാധ്യതയുണ്ട്. ഇന്ന് അര്‍ദ്ധരാത്രിയിലോ നാളെ അതിരാവിലെയോ തമിഴ്‌നാട്, പുതുച്ചേരി തീരത്തെത്തുമെന്നാണ് പറയുന്നത്.
തമിഴ്‌നാട്ടിലെ പല ഭാഗത്തും ശക്തമായ മഴ അനുഭവപ്പെടുകയാണ്. ഇന്നലെ രാവിലെ 8.30 മുതല്‍ ഇന്ന് പുലര്‍ച്ചെ 5.30 വരെ 120 മില്ലിലിറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 24 ഓളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിട്ടുണ്ട്.
എറണാകുളം സൗത്ത് ജംഗ്ഷനില്‍ നിന്ന് കാരയ്ക്കലിലേക്ക് സര്‍വീസ് നടത്തുന്ന എറണാകുളം- കാരയ്ക്കല്‍ എക്സ്പ്രസ് രണ്ടു ദിവസത്തേക്ക് സര്‍വീസ് ഭാഗികമായി സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളി ജംഗ്ഷനും കാരയ്ക്കലിനുമിടയിലുള്ള സര്‍വീസാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇന്നലെ പുറപ്പെട്ട എറണാകുളം- കാരയ്ക്കല്‍ എക്സപ്രസ് രാത്രി 10.30ന് പുറപ്പെട്ട് 25ന് രാവിലെ 7.55ന് തിരുച്ചിറപ്പള്ളി ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
തമിഴ്‌നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. ചെന്നൈയില്‍ 129 ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. 31 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇതിനോടകം 312 പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്.