അവധിയില്ലാതെ ദിവസങ്ങളോളം നീണ്ട ജോലി ; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം.: കൊറോണ മഹാമാരിക്കിടെ മുന്‍നിരിയില്‍ നിന്ന് ജോലി ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. ദിവസങ്ങളോളം നീണ്ട ജോലിക്കിടെ അവധിയില്ലാതെ ജോലി ചെയേണ്ടിവരുന്നതാണ് സമരം ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് നേഴ്സുമാര്‍ പറഞ്ഞു. അത്യാഹിത വിഭാഗം ഒഴികേയുള്ള നേഴ്സുമാര്‍ ഇന്ന് ഒരു മണിക്കൂര്‍ നേരം പണിമുടക്കിക്കൊണ്ടാണ് സമരം ചെയ്തത്.

നേഴ്സസ് യൂണിയന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നത്. ഡ്യൂട്ടിക്ക് ശേഷം കൃത്യമായ അവധി അനുവദിക്കണം എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ഏഴ് ദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്ന നഴ്സുമാര്‍ നൈറ്റ് ഡ്യൂട്ടി ഓഫിന് ശേഷം വീണ്ടും പിന്നേറ്റ് തന്നെ ജോലിക്ക് കയറേണ്ട അവസ്ഥയാണെന്ന് നേഴ്സുമാര്‍ ആരോപിക്കുന്നു.

കൊറോണ വ്യാപനം ശക്തമായിരുന്ന സമയത്ത് പത്ത് ദിവസം ഡ്യൂട്ടിയും പത്ത് ദിവസം അവധിയുമായിരുന്നു നേഴ്സുമാര്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ പിന്നീടിത് അഞ്ച് ദിവസമായി ചുരുക്കി.

അതിന് ശേഷം അവധി സംബന്ധിച്ച പുതിയ ഉത്തരവുകളൊന്നും വന്നിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

രോഗവ്യാപനം ശക്തമായി തുടരുമ്പോഴും ക്വാറന്‍റീന്‍ ദിനങ്ങള്‍ ചുരുക്കി ഒറ്റ ദിവസമാക്കിമാറ്റിയത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും നേഴ്സുമാര്‍ ആരോപിക്കുന്നു. പ്രത്യേകിച്ച ശാരീരിക പ്രശ്നങ്ങളുള്ള നേഴ്സുമാരെ ഇത് ഏറെ ദോഷകരമായി ബാധിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ഡ്യൂട്ടി ഇടുന്നതെന്നും കൊറോണ ഡ്യൂട്ടിയില്‍ നിന്നൊഴിവായി നിൽക്കുന്ന നഴ്സുമാര്‍ ഡ്യൂട്ടി എടുക്കാൻ തയ്യാറായാൽ മറ്റുള്ളവര്‍ക്കും അവധി അനുവദിക്കാമെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.

മെഡിക്കല്‍ കോളേജില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് നീക്കമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു.