കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി അന്തരിച്ചു

ഗുവഹാട്ടി: കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി (86) അന്തരിച്ചു. കൊറോണ ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ തരുൺ ഗൊഗോയി കൊറോണ അനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഗുവഹാട്ടി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു.

നേരത്തെ കൊറോണ നെഗറ്റീവ് ആയി ആശുപത്രി വിട്ട തരുൺ ഗൊഗോയിയെ നവംബർ രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതൽ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുൺ ഗൊഗോയിയുടെ ആരോഗ്യനില വഷളാകുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 25ന് കൊറോണ സ്ഥിരീകരിക്കപ്പെട്ട അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബർ 25ന് ആണ് ഡിസ്ചാർജ് ചെയ്തത്. പിന്നീട് കൊറോണ അനന്തര അസ്വസ്ഥതകളെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 2001 മുതൽ 2016 വരെയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതും തരുൺ ഗൊഗോയ് ആണ്. 1934 ഒക്ടോബർ 11ന് അസമിലെ ജോർഹതിലെ രംഗജൻ തേയില എസ്റ്റേറ്റിലായരുന്നു ജനനം. അച്ഛൻ ഡോ. കമലേശ്വർ ഗൊഗോയ്. അമ്മ ഉഷ ഗൊഗോയ്.

1968 ൽ ജോർഹത് മുനിസിപ്പൽ മെംബറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1971ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1976 ൽ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 86ലും 96ലും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. 2001 മുതൽ ടിറ്റബർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.