പശു കാബിനറ്റിന്​ പിന്നാലെ പശു സംരക്ഷണത്തിന്​ നികുതി ഏർപ്പെടുത്താൻ മധ്യപ്രദേശ്​ സർക്കാർ

ഭോപാൽ: ‘പശു കാബിനറ്റി’ന്​ പിന്നാലെ പശു സംരക്ഷണത്തിന്​ നികുതി​ ഏ​ർപ്പെടുത്താൻ മധ്യപ്രദേശിൽ സർക്കാർ നീക്കം. പശുതൊഴുത്ത്​ പരിപാലത്തിന്​ തുക കണ്ടെത്തുന്നതിന്​ വേണ്ടിയാണ്​ സെസ്​ തുക ഉപയോഗിക്കുകയെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പറഞ്ഞു.

ഓൺലൈനായി ചേർന്ന പശു കാബിനറ്റി​ൻ്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോശാലകൾ സാമൂഹിക സംഘടനകളുടെയും സ്വയം സഹായ സംഘങ്ങളുടെയും പിന്തുണയോടെ സർക്കാർ പരിപാലിക്കും. പരിപാലനത്തിന്​ കൂടുതൽ തുക ആവശ്യമായി വരികയാണെങ്കിൽ സെസ്​ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഗോമാതയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി തുക കണ്ടെത്തുന്നതിനായി സെസ്​ ഏർപ്പെടുത്തുന്ന കാര്യം ചിന്തിക്കുന്നു. അത്​ ശരിയല്ലേ?’ -ചൗഹാൻ ചോദിച്ചു.

‘ഞങ്ങൾ ആദ്യത്തെ ​’റൊട്ടി’ പശുക്കൾക്കും അവസാനത്തെ ‘റൊട്ടി’ നായ്​ക്കൾക്കും നൽകും. ഇന്ത്യൻ സംസ്​കാരത്തി​ൽ മൃഗങ്ങളോടുള്ള കരുതൽ അതാണ്​ -എന്നാൽ അത്​ ഇപ്പോൾ ഇല്ലാതായി. അതിനാൽ പശുക്കളെ സംരക്ഷിക്കുന്നതിനായി ചെറിയ തുക നികുതിയായി ജനങ്ങളിൽനിന്ന്​ ഈടാക്കാൻ ആലോചിക്കുന്നു’ -ചൗഹാൻ കൂട്ടിച്ചേർത്തു.

പശു സംരക്ഷണത്തിനും ഗ്രാമീണ സാമ്പത്തികാവസ്​ഥ ശക്തിപ്പെടുത്തുന്നതിനുമാണ്​ പശു​ കാബിനറ്റ്​ രൂപീകരിച്ചതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ കഴിഞ്ഞയാഴ്​ചയാണ്​ പശു സംരക്ഷണത്തിനായി ‘പശു കാബിനറ്റ്​’ രൂപീകരിച്ചത്​. മൃഗക്ഷേമം, ഗ്രാമവികസനം തുടങ്ങിയ വകുപ്പ്​ മന്ത്രിമാരും യോഗത്തിൽ പ​ങ്കെടുത്തു.