തിരുവനന്തപുരം: ജനുവരി മുതൽ സംസ്ഥാനത്ത് 10, 12 ക്ലാസുകളിൽ സ്‌കൂളുകളില്‍ ക്ലാസ് തുടങ്ങാൻ സാധ്യത. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷമുള്ള കൊറോണ വ്യാപനം കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെന്നാണ് സൂചന. ഡിസംബറിൽ രോഗ വ്യാപനം കൂടാനിടയുണ്ടെന്ന് ചില വിദഗ്ധാഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്.
സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറാണെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും കൊറോണ നിയന്ത്രണവിധേയമായ ശേഷം തീരുമാനിക്കാമെന്നാണു സര്‍ക്കാരിന്റെ നിലപാട്. എന്നാൽ പ്രൈമറി ക്ലാസുകളുടെ കാര്യത്തിൽ തീരുമാനം നീളും.
എന്നാൽ ജനുവരിയില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനായി വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടുകയാണ്. കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഡിസംബര്‍ മുതല്‍ ഈ ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നീക്കിവയ്ക്കും.
10,12 ക്ലാസുകാര്‍ക്ക് പ്രതിദിനം ഒന്നര മണിക്കൂറില്‍ 3 ക്ലാസുകളാണു നല്‍കുന്നത് ഇരട്ടിയാക്കിയാലേ ജനുവരിയില്‍ പഠിപ്പിച്ചുതീര്‍ക്കാനാകൂ. പിറകിലായ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും ക്ലാസ് പുനഃക്രമീകരണം. ഡിസംബറിനകം പഠിപ്പിച്ചുതീര്‍ത്ത് ജനുവരി മുതല്‍ റിവിഷന്‍ നടത്തുകയാണു പതിവു രീതി.