കുവൈറ്റ് : കുവൈത്തിൽ കൊറോണ വാക്സിൻ ആദ്യം ഉപയോഗിക്കുക ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്. വാക്സിൻ സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിനാണ് ആരോഗ്യ മന്ത്രി മുന്നിൽനിന്ന് മാതൃക കാണിക്കുന്നത്. ഡോ. ബാസിൽ അസ്സബാഹിൻ്റെ നേതൃത്വത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രവർത്തനത്തിൽ പൊതുവെ തൃപ്തിയാണുള്ളത്. പ്രതിപക്ഷത്തുള്ള എംപിമാർ പോലും മന്ത്രാലയത്തെയും മന്ത്രിയെയും അഭിനന്ദിച്ച് രംഗത്തെത്തി.
കൊറോണ പ്രതിരോധത്തിന് മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെ ചേർത്തുപിടിക്കുന്ന മന്ത്രിയുടെ ശൈലി ജീവനക്കാർക്കും സന്തോഷം പകരുന്നതാണ്. കൊറോണ പ്രതിരോധത്തിലെ ആഗോള തലത്തിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കുവൈത്ത് വാക്സിൻ ഏറ്റവുമാദ്യം രാജ്യത്ത് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.
അതേസമയം, കൊറോണ വാക്സിൻ എടുക്കാൻ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരെയും നിർബന്ധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയിൽ നൂറുശതമാനം ഉറപ്പുപറയാൻ കഴിയാത്തതിനാലും പാർശ്വഫലങ്ങളെ സംബന്ധിച്ച പഠന റിപ്പോർട്ടുകൾ പുറത്തുവരാത്തതിനാലുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ എടുക്കാൻ നിർബന്ധിക്കാതിരിക്കുന്നത്.
വാക്സിനേഷന് ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ തുടങ്ങിയവർക്ക് മുൻഗണന നൽകുന്നുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകില്ല. ആരോഗ്യ മന്ത്രി ആദ്യം വാക്സിൻ എടുക്കുന്നതോടെ ആശങ്ക മാറി മിക്കവാറും ആളുകൾ വാക്സിനേഷന് തയാറാവുമെന്നാണ് പ്രതീക്ഷ.