അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുമെന്ന് നേതൃത്വം

കൊല്‍ക്കത്ത: അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഏത് നിമിഷവും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാമെന്ന് ബിജെപി നേതാവും എംപിയുമായ അര്‍ജുന്‍ സിംഗ്. തൃണമൂലിലെ മുതിര്‍ന്ന നേതാക്കളായ സൗഗത റോയ്, സുവേന്ദു അധികാരി എന്നിവര്‍ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞത് അഞ്ച് എംപിമാരെങ്കിലും ഏത് നിമിഷവും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചേക്കാം. ക്യാമറക്ക് മുന്നില്‍ സൗഗത റോയ് തൃണമൂലിന് വേണ്ടി സംസാരിച്ചേക്കാം. പക്ഷേ ക്യാമറ മാറ്റിയാല്‍ അദ്ദേഹം ഞങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്നും അര്‍ജുന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

‘വരും ദിവസങ്ങളില്‍ ബിജെപി ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കും. സുവേന്ദു അധികാരി ബിജെപിയില്‍ ചേരുന്ന ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ കഴിയില്ല. സര്‍ക്കാര്‍ താഴെ വീഴും’- അര്‍ജുന്‍ സിംഗ് വ്യക്തമാക്കി.

അതേസമയം, അര്‍ജുന്‍ സിംഗിന്റെ പ്രസ്താവനയെ സൗഗത റോയ് തള്ളി. മരിച്ചാല്‍ പോലും ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലിലെ കരുത്തനായ സുവേന്ദു അധികാരി കുറച്ചുനാളായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമാണെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.