പ്രോട്ടോക്കോള്‍ ലംഘിച്ച് അമിത് ഷാ ചെന്നൈയിൽ തെരുവിലിറങ്ങി; പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് ഏറ്

ചെന്നൈ: കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോക്കോൾ ലംഘിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ചെന്നൈ തെരുവിലിറങ്ങി. ജനങ്ങളെയെല്ലാം അഭിവാദ്യം ചെയ്ത് തെരുവിലൂടെ അമിത്ഷാ നടന്നുനീങ്ങി. നിരവധി ജനങ്ങളാണ് അമിത്ഷായെ കണാന്‍ തെരുവുകളില്‍ തിങ്ങികൂടിയത്.

പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല.
പ്ലക്കാഡ് എറിഞ്ഞയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജിഎസ്ടി റോഡിലെത്തിയപ്പോഴാണ് അമിത്ഷാ വാഹനത്തില്‍ നിന്നും ഇറങ്ങിയത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ തമിഴ്‌നാട്ടിലെത്തിയത്. അമിത് ഷായുടെ സന്ദർശത്തിൻ്റെ ഭാഗമായി ചെന്നൈ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനുശേഷം ആദ്യമായാണ് അമിത് ഷാ തമിഴ്‌നാട്ടിലെത്തുന്നത്. തമിഴ്‌നാട്ടില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

പ്രധാനമായും എംജിആറിന്‍റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ളവര്‍ വിമാനത്താവളത്തിൽ എത്തിയാണ് അമിത് ഷായെ സ്വീകരിച്ചത്.

കൂടാതെ ബിജെപി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിലുള്ളത്. എങ്കിലും നിർണായക സഖ്യ ചർച്ചകളാണ് മുഖ്യം. അളഗിരിക്കൊപ്പമുള്ള മുഴുവൻ നേതാക്കളും ഡിഎംകെ വിടുമെന്ന് രാമലിംഗം അവകാശപ്പെട്ടു. എന്നാൽ അളഗിരിയുടെ വിമത നീക്കങ്ങൾ ഒന്നും ഡിഎംകെയെ ബാധിക്കില്ലെന്ന നിലപാടിലാണ് സ്റ്റാലിൻ.

സ്റ്റാലിനുമായി അകന്ന് നിൽക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും. സ്റ്റാലിൻ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാൽ, പുതിയ പാർട്ടി പ്രഖ്യാപിച്ച് എൻഡിഎയിൽ ചേരാനാണ് തീരുമാനം. ഇതിന് മുന്നോടിയായി അളഗിരിയുടെ അടുത്ത അനുയായിയും മുൻ ഡിഎംകെ എംപിയുമായിരുന്ന കെ പി രാമലിംഗം ബിജെപിയിൽ ചേർന്നു.

ചെന്നൈ മെട്രോ ട്രെയിനിന്റെ രണ്ടാം ഘട്ടം ഉള്‍പ്പെടെയുള്ള പരിപാടിയുടെ ശിലാസ്ഥാപന ചടങ്ങുകളും അമിത് ഷായുടെ പരിപാടിയിൽ ഉണ്ട്. 67,000 കോടി രൂപയുടെ പദ്ധതികളാണ് തമിഴ്‌നാട്ടില്‍ നടപ്പാക്കുന്നത്. മറ്റ് സര്‍ക്കാര്‍ പരിപാടികളിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്.