തിരുവനന്തപുരം: അന്വേഷണ ഏജൻസികൾ സത്യം കണ്ടെത്താതെ സർക്കാരിനെതിരെ രാഷ്ട്രീയദൗത്യവുമായി നീങ്ങിയാൽ ശക്മായ പ്രതിരോധം തീർക്കേണ്ടിവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. അടുത്ത് ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശരിയായ അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. അതിനാണ് ഏജൻസികൾ വരണമെന്നാവശ്യപ്പെട്ടത്.എന്നാൽ സർക്കാരിനെതിരെ മൊഴികൾ ഉണ്ടാക്കിയെടുക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. അവർ അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണിവിടെ. അന്വേഷണ ഏജൻസികൾ നടത്തിയ പല അന്വേഷണ രീതികളേയും നോക്കിയാൽ മുഖ്യമന്ത്രിയെ കുടുക്കാനാവുമോ എന്ന നിലയിലേക്ക് ആണ് അവർ നീങ്ങുന്നതെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി.
ഇപ്പോൾ ശബ്ദ രേഖ വന്നു എന്ന് പറയുന്ന വനിതയുടേതായിട്ട് പല പ്രസ്താവനകളും മുമ്പും പുറത്തുവന്നിട്ടുള്ളതാണ്.അന്ന് മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും അവയുടെ ആധികാരികതയിൽ സംശയം ഉണ്ടായിരുന്നില്ലല്ലോ. അവക്കുണ്ടായിരുന്ന ആധികാരികത തന്നെയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതിനും ഉള്ളതെന്ന് വിജയരാഘവൻ പറഞ്ഞു.
വികസനത്തെ തടയുവാനാണ് പ്രതിപക്ഷം കിഫ്ബിക്കെതിരെ തിരിയുന്നത്. വികസന പദ്ധതികൾ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സിഎജി റിപ്പോർട്ടിന്റെ അവകാശലംഘനമൊക്കെ നിയമസഭയുമായി ബന്ധപ്പെട്ടവയാണ്. അത് അവിടെ പരിഗണിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു.