സിനിമാ നിർമ്മാതാക്കൾക്കുള്ള വായ്പ നിർത്തിവച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

തിരുവനന്തപുരം: സിനിമാ നിർമ്മാതാക്കൾക്കുള്ള വായ്പ നിർത്തിവച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. 31കോടി രൂപ കിട്ടാക്കടമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. വായ്പയെടുത്ത 19 നിർമ്മാണ കമ്പനികളിൽ 17 പേരും തിരിച്ചടക്കാത്തതാണ് കാരണം. ഇനിമുതൽ വായ്പകൾ സിബിൽ റേറ്റിംഗിന്‍റെ പരിധിയിൽ വരുമെന്ന് കെഎഫ്സി ചെയർമാൻ ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കി.

2019 ജൂണ്‍മാസം വരെയാണ് സിനിമാ നിർമ്മാതാക്കൾക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ അനുവദിച്ചത്. ഇതുവരെ വായ്പ നൽകിയത് 33 കോടിയെങ്കിൽ കിട്ടാക്കടമായി തുടരുന്നത് 31കോടി 84 ലക്ഷം രൂപയാണ്. ഇതിനാലാണ് വായ്പ നിർത്തുന്നത്. നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ട പ്രകാരം കുടിശ്ശിക വരുത്തിയവരുടെ പട്ടികയും കെഎഫ്സി കൈമാറി. ഓ‍‍ർഡിനറി ഫിലിംസ് അഞ്ച് കോടി,അച്ചൂസ് ഇന്‍റർനാഷണൽ മൂന്നേമുക്കാൽ കോടി,പുല്ലമ്പള്ളിൽ ഫിലിംസ് മൂന്ന് കോടി,ശ്രീവരി ഫിംലിംസ് രണ്ടരക്കോടി അങ്ങനെ നീളുന്ന കുടിശ്ശിക പട്ടിക.

സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ച മുളകുപാടം ഫിലിംസ് പട്ടികപ്രകാരം 1കോടി നാൽപത്തിയേഴ് ലക്ഷം രൂപയാണ് തിരിച്ചടക്കാനുള്ളത്. എന്നാൽ, 16ലക്ഷം മാത്രമെ തിരിച്ചടവുള്ളുവെന്നും ഒരാഴ്ച്ചക്കുള്ളിൽ ബാധ്യത തീർക്കുമെന്നും മുളകുപാടം ഫിലിംസ് വ്യക്തമാക്കി.

കൊറോണ പ്രതിസന്ധിക്ക് ശേഷം സിനിമാ നിർമ്മാണം തുടങ്ങുമ്പോൾ വായ്പ നൽകേണ്ടെന്ന തീരുമാനം മറ്റ് നിർമ്മാതാക്കളെയാണ് പ്രതിസന്ധിയിലാക്കുന്നു. സിബിൽ സ്കോറിൽ വായ്പ മുടങ്ങുന്നത് പ്രതിഫലിക്കാത്തതും തിരിച്ചടവ് മുടങ്ങുന്നതിന്‍റെ കാരണമായി. വായ്പയെടുത്തവരെ സിബിലിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾ അന്തിമഘട്ടത്തിലാണ്.

സിനിമാ നിർമ്മാണ കമ്പനികൾക്കൊപ്പം ബാർ ഉടമകളും ,വ്യവസായികളും കെഎഫ്സി വായ്പാ തിരിച്ചടവിൽ കാട്ടുന്ന അലംഭാവമാണ് കടുത്ത നടപടികൾക്ക് കാരണം. കിട്ടാക്കടം നാല് ശതമാനത്തിൽ താഴെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കെഎഫ്സി ചെയർമാൻ ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കി.