കൊറോണ ഭേദമായവരിൽ മൂന്ന് മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ല

തിരുവനന്തപുരം: കൊറോണ പരിശോധനക്ക് പുതിയ മാർഗ നിർദേശം. കൊറോണ വൈറസ് രോ​ഗം ഭേദമായവരിൽ മൂന്ന് മാസത്തേക്ക് വീണ്ടും കൊറോണ പരിശോധന നടത്തേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. കൊറോണ ഭേദമായ ആൾക്ക് ആന്റിജൻ ഒഴികെ ഉള്ള പരിശോധനകളിൽ പൊസിറ്റീവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കം ചികിത്സകൾ മുടക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

ശസ്ത്രക്രിയ, ഡയാലിസിസ് തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കൊറോണ വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളിൽ ആവശ്യമെങ്കിൽ വീണ്ടും കൊറോണ പരിശോധന നടത്താം. അത് ആന്റിജൻ പരിശോധന ആയിരിക്കണമെന്നാണ് പുതിയ മാർഗ നിർദേശത്തിൽ പറയുന്നത്.

വൈറൽ ഷെഡിങ് കാരണം നിർജ്ജീവമായ വൈറസുകൾ ശരീരത്തിൽ ഉണ്ടാകാം. അതുപക്ഷേ കൊറോണ ബാധ ആയി കണക്കാക്കാൻ ആകില്ല. കൊറോണ ഭേദമായ ആൾക്ക് മൂന്ന്‌ മാസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ മറ്റ് രോഗങ്ങൾ ഒന്നും ഇല്ലെന്ന് ആദ്യം ഉറപ്പിക്കണം. അതിന് ശേഷം വൈറസ് പരിശോധന വീണ്ടും നടത്താമെന്നും പുതിയ മാർഗ നിർദേശത്തിൽ പറയുന്നു.