ചൈനയ്ക്ക് ഭീഷണിയായി പി-8 ഐ നിരീക്ഷണ വിമാനം; ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണ പറക്കലുകൾക്ക്‌ കുതിപ്പ്

മുംബൈ: സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകള്‍ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒമ്പതാമത്തെ പി-8 ഐ നിരീക്ഷണ വിമാനം ഇന്ത്യന്‍ നാവികസേനയ്ക്ക് ലഭിച്ചു. ഗോവയിലെ നാവിക വ്യോമതാവളത്തിലാണ് വിമാനം വിന്യസിച്ചിരിക്കുന്നത്. ഇത്തരത്തിലുളള എട്ട് വിമാനങ്ങളുടെ പ്രാരംഭ ഓര്‍ഡറിന് ശേഷം ഇന്ത്യ ആവശ്യപ്പെട്ട നാല് അധിക വിമാനങ്ങളില്‍ ആദ്യത്തേതാണിത്.

ചൈനീസ് മുങ്ങിക്കപ്പലുകളെ അതിവേഗം കണ്ടെത്താനും നേരിടാനും ഇതുവഴി സാധിക്കും. ദീര്‍ഘദൂര യുദ്ധമേഖലകളിലും രഹസ്യാന്വേഷണ-നിരീക്ഷണ പറക്കലുകള്‍ക്കും അനുയോജ്യമാണ് പി-8 വിമാനങ്ങള്‍. മിസൈലുകളേയും റോക്കറ്റുകളേയും വഹിക്കാനുളള ശേഷിയും പി-8 വിമാനങ്ങള്‍ക്കുണ്ട്.

ദക്ഷിണ ചൈനാ കടലിനെ സൈനികവല്‍ക്കരിക്കാനും കടലിലെ അതിര്‍ത്തി വിപുലീകരിക്കാനുമുളള ചൈനയുടെ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ പി-8 വിമാനങ്ങള്‍ വാങ്ങുന്നത്. മുങ്ങിക്കപ്പല്‍, രഹസ്യാന്വേഷണം, നിരീക്ഷണം, ഇലക്‌ട്രോണിക് ജാമിംഗ് എന്നിവ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ പി-8 വിമാനങ്ങള്‍ രാജ്യം സ്വന്തമാക്കുന്നത്.

2021ല്‍ മൂന്ന് പി-8 വിമാനങ്ങള്‍ കൂടിയെത്തും. ഇതിനുശേഷം ആറെണ്ണം കൂടി വാങ്ങാനും പദ്ധതിയുണ്ട്. ഇന്ത്യന്‍ നാവികസേനയെ നേരിടാന്‍ ലക്ഷ്യമിട്ട് മ്യാന്‍മര്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഇറാന്‍, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ ഇതിനകം തന്നെ ബെയ്ജിംഗ് നീക്കം സജീവമാക്കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന മ്യാന്‍മറിലെ ക്യൂക്പിയു തുറമുഖത്ത് ചൈനയ്ക്ക് 70 ശതമാനം ഓഹരിയുണ്ട്. ചൈനയുടെ കൈവശമുളള ദക്ഷിണ ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. പാക്കിസ്ഥാനിലെ ഗ്വാഡാര്‍ തുറമുഖം ഒമാന്‍ ഉള്‍ക്കടലിന്റെ സമീപത്തും ഇറാനിലെ ജാസ്‌ക് തുറമുഖം പേര്‍ഷ്യന്‍ ഗള്‍ഫിന്റെ അടുത്തുമാണ്.