ലക്നൗ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഏറ്റവും പുതിയ പുസ്തകത്തിനെതിരെ ഉത്തർപ്രദേശിൽ സിവില്‍ കേസ് ഫയല്‍ ചെയ്തു. ദി പ്രോമിസ്ഡ് ലാന്‍ഡിനെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍സിങ്ങിനെയും രാഹുല്‍ ഗാന്ധിയെയും അപമാനിക്കുന്നുവെന്നാണ് ആരോപണം.
അനുയായികളുടെ വികാരം വ്രണപ്പെടുത്തുകയാണ് ഇതിലൂടെയെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഓള് ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന് ദേശീയ പ്രസിഡന്റ് ഗ്യാന്‍ പ്രകാശ് ശുക്ലയാണ് ലാല്‍ഗഞ്ച് സിവില്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. കേസ് ഡിസംബര്‍ ഒന്നിന് വാദം കേള്‍ക്കും.
മന്മോഹന് സിങ്ങിനെയും രാഹുല്‍ ഗാന്ധിയെയും കുറിച്ച് ഒബാമ പറഞ്ഞത് അപമാനകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും അഭിഭാഷകന് തന്റെ ഹര്‍ജിയില്‍ പറയുന്നു.
ഒബാമയുടെ പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നതാണ്. അനുയായികള്‍ പുസ്തകത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും പറയുന്നു. ഒബാമയ്ക്കെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
നടപടിയെടുത്തില്ലെങ്കില്‍ യുഎസ് എംബസിക്കുമുന്നില്‍ ഉപവസിക്കുമെന്നും ഇവര്‍ പറയുന്നു. തന്റെ മകന് രാഹുല്‍ ഗാന്ധിക്ക് ഭീഷണിയാകില്ല എന്നതുകൊണ്ടാണ്, സോണിയ ഗാന്ധി മന്മോഹന് സിംഗിനെ പ്രധാനമന്ത്രിയാക്കിയതെന്ന് ഒബാമ തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.
വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ഗാന്ധി എന്നും ഒബാമ എഴുതിയിട്ടുണ്ട്. മന്മോഹന് സിംഗിനെ അസാധാരണമായ ജ്ഞാനമുള്ള മനുഷ്യന് എന്നാണ് ഒബാമ അനുസ്മരിച്ചത്. കോണ്‍ഗ്രസ് മേധാവി സോണിയ ഗാന്ധിയോട് അദ്ദേഹം കടപ്പെട്ടിരിക്കണമെന്നും പറയുന്നുണ്ട്.