അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ബെംഗളൂരു: എന്‍ഫോഴ്‍സ്‍മെന്‍റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് നാളെ കോടതി പരിഗണിക്കും. ബിനീഷിന്‍റെ സാമ്പത്തിക ഇടപാടുകൾ മാത്രം ചൂണ്ടിക്കാണിച്ചുള്ള ഇഡി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഇന്നും ബിനീഷിന്‍റെ അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു.

എന്നാൽ ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തങ്ങൾക്ക് തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും അഭ്യർത്ഥിച്ചു. തെളിവുകൾ സമർപ്പിക്കാൻ ഇഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതേസമയം മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ എടുത്ത ബിനീഷിനെ എൻസിബി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മുഹമ്മദ് അനൂപിന്‍റെ മയക്ക് മരുന്നിടപാടുകളെ കുറിച്ച് അറിഞ്ഞുകൊണ്ടാണ് ബിനീഷ് പണം നൽകി സഹായിച്ചതെന്ന് വ്യക്തമായാൽ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും ബിനീഷിനെ അറസ്റ്റ് ചെയ്യും.