ലണ്ടന്‍: കൊറോണ വൈറസിനെ തുരത്താന്‍ പുതിയ മാര്‍ഗവുമായി ശാസ്ത്രജ്ഞന്മാര്. മുപ്പത് സെക്കന്‍ഡിനുള്ളില്‍ വൈറസിനെ തുരത്താന്‍ മൗത്ത് വാഷിനാകുമെന്നാണ് പഠനം. യുകെയിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. വൈറസിനെ നശിപ്പിക്കാന്‍ ഓവര്‍ ദ കൗണ്ടര്‍ മൗത്ത് വാഷുകള്‍ നടത്തിയാല്‍ മതിയെന്നാണ് പറയുന്നത്.
മൗത്ത് വാഷുകളില്‍ കുറഞ്ഞത് 0.07 ശതമാനം സെറ്റിപിരിഡിനിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഈ ഘടകം വൈറസിന്റെ ഉന്മൂലനം ചെയ്യാന്‍ കാരണമാകുന്നു. കൊറോണ ചികിത്സയ്ക്കായി മൗത്ത് വാഷ് ഉപയോഗിക്കാമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വൈറസുകള്‍ ശ്വാസകോശത്തില്‍ എത്തിച്ചേരുന്ന ഘട്ടത്തിലാണ് പ്രധാനമായും രോഗം അപകടാവസ്ഥയിലെത്തുന്നത്.
വൈറസ് ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞ ശേഷമാണെങ്കില്‍ ഈ മൗത്ത് വാഷുകള്‍ ഉപയോഗിച്ചതുകൊണ്ടു കാര്യമുണ്ടാകണമെന്നില്ല. എന്നാല്‍, വൈറസ് ഉമിനീരില്‍ ഉള്ളപ്പോഴോ അല്ലെങ്കില്‍ വായില്‍ എത്തുമ്പോഴോ മാത്രമേ ഇതുപയോഗിച്ചുള്ള പ്രതിവിധി ഫലം കാണുകയുള്ളൂവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ആശുപത്രിയിലെ കൊറോണ രോഗികളുടെ ഉമിനീരിലെ വൈറസിന്റെ അളവ് കുറയ്ക്കാന്‍ ഈ മൗത്ത് വാഷ് സഹായിക്കുന്നുണ്ടോ എന്നറിയാന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ഗവേഷകര്‍ തയ്യാറെടുത്തു കഴിഞ്ഞു. ക്ലിനിക്കല്‍ ട്രയലിന്റെ ഫലങ്ങള്‍ അടുത്ത വര്‍ഷം ആദ്യമാസത്തോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.