വാഷിംഗ്ടൺ: ചരിത്രത്തിലെ തന്നെ അഭിമാനകരമായ നിമിഷമാണ് ബഹിരാകാശ ഏജന്‍സിയായ നാസ പങ്കുവയ്ക്കുന്നത്. ചൊവ്വയിലെത്തിയ നാസയുടെ പേടകത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് നാസ പുറത്തുവിട്ടത്. ചൊവ്വയിലെത്തിയ പേടകം ഡ്രില്ലിംഗ് ജോലിയില്‍ തിരക്കിലാണ്. പാറകഷ്ണങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്ന പേടകത്തിന്റെ സെല്‍ഫി ചിത്രമാണ് പുറത്തുവിട്ടത്.
നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ജൂലൈ മുതല്‍ പര്യവേക്ഷണം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഡ്രില്ലിംഗ് വഴി സാമ്പിളുകള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയുമാണ്. പുറത്തുവിട്ട ചിത്രത്തിലെ സ്ഥലത്തെ ‘മേരി ആനിംഗ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ക്യൂരിയോസിറ്റി റോവര്‍ അയച്ച 59 ചിത്രങ്ങള്‍ തുന്നി ചേര്‍ത്താണ് നാസ ഫോട്ടോ പുറത്തുവിട്ടത്. ഒക്ടോബര്‍ 25നാണ് സെല്‍ഫി എടുത്തതെന്നും ക്യൂരിയോസിറ്റി ദൗത്യത്തിന്റെ 2,922 ാം ദിനമാണിതെന്നും നാസ പറയുന്നു.
മേരി ആനിംഗ് എന്ന സ്ഥലം പര്യവേക്ഷണം ചെയ്യുന്നതിനിടെയാണ് ഈ സെല്‍ഫി എടുത്തതെന്ന് നാസ പറയുന്നു. ക്യൂരിയോസിറ്റി 2011 നവംബറിലാണ് വിക്ഷേപിച്ചത്. 2012 ഓടെ പേടകം ചൊവ്വയിലേക്ക് ഇറങ്ങുകയായിരുന്നു.
ചൊവ്വയിലെ പാറ കഷ്ണങ്ങളുടെ സാമ്പിളുകളും മറ്റും ഭൂമിയിലെത്തിക്കുന്നതിനുള്ള ദൗത്യത്തിലാണ് ഇപ്പോള്‍ പേടകം. മറ്റൊരു ഗ്രഹത്തില്‍ നിന്നും സാമ്പിളുകള്‍ കൊണ്ടുവരാനുള്ള നീക്കം ഇതുവരെ ആരും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നാസയുടെ ചരിത്രത്തില്‍ ഒരു പുത്തന്‍ നാഴികകല്ലാകും ഈ ദൗത്യം.