സിനൊവാക് ബയോടെക് വികസിപ്പിച്ച കൊറോണ വാക്‌സിന്‍ പരീക്ഷണം വിജയകരം

ന്യൂഡെല്‍ഹി: സിനൊവാക് ബയോടെക് വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലാണ് ക്ലിനിക്കല്‍ പരിശോധന നടന്നത്. വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരായവരില്‍ പ്രതിരോധ ശേഷി കണ്ടുവെന്നാണ് പറയുന്നത്. ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലമാണ് പുറത്തുവന്നത്.

ഫൈസര്‍, മോഡേണ അടക്കമുള്ള കമ്പനിളുടെ വാക്‌സിന്‍ പരീക്ഷണവും വിജയത്തിലേക്കെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫൈസറിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന കൊറോണ വാക്‌സിന്‍ ശേഖരിച്ച് വെക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.

പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഫൈസര്‍ വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മാതാക്കള്‍. വാക്‌സിന്‍ വിജയകരമായാല്‍ ഏകദേശം നൂറ് മില്ല്യണ്‍ ഡോസെങ്കിലും ആവശ്യമായി വരും. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യ ശേഖരിച്ചുവെക്കാനുള്ള ആദ്യപടി കയറിയത്.

വളരെ കുറഞ്ഞ താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കേണ്ടതുണ്ട്. അത്തരം സൗകര്യങ്ങള്‍ നിര്‍മ്മിക്കേണ്ട സാഹചര്യവുമുണ്ട്. നിലവില്‍ മൂന്ന് കമ്പനികളുടെ കൊറോണ വാക്‌സിനുകളാണ് അന്തിമഘട്ടത്തിലെത്തുന്നത്. മോഡേണയുടെയും ഫൈസറിന്റെയും പങ്കാളികള്‍ സിറം, ബയോടെക് എന്നീ ഇന്ത്യന്‍ കമ്പനികളാണ്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ആദ്യ പരീക്ഷണം നിര്‍ത്തിവെച്ചെങ്കിലും ഫെബ്രുവരിയോടെ പരീക്ഷണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.