കൊച്ചി: രാജ്യം സമ്പൂർണ ലോക്ക് ഡൗണിലായതോടെ ഒറ്റപ്പെട്ടു പോയ ഇതര സംസ്ഥാന തൊഴിലാളി ഒറ്റമുറിയിൽ പ്രസവിച്ചു.
പൊക്കിൾകൊടി വിട്ടകലും മുമ്പ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോയ യുവതിക്ക് സഹായത്തിന് പോലും ആരും കൂടെ പോയില്ല.
പെരുമ്പാവൂർ മുടിക്കലിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ചത്. മാർച്ച് 27 നാണ് മണിരാൻ നെസ എന്ന യുവതി ഒറ്റമുറിയുള്ള വാടക കെട്ടിടത്തിൽ പ്രസവിച്ചത്.
അഞ്ചു വയസുകാരിയായ മകളും യുവതികൊപ്പമായിരുന്നു താമസം. പ്രസവവേദന വന്നതോടെ ഇവർ സഹവാസികളെ അറിയിച്ചെങ്കിലും ലോക്ക്ഡൗണിൽ എന്ത് ചെയ്യണമെന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നിശ്ചയമില്ലായിരുന്നു.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രസവത്തിന് ഒരാഴ്ച മുമ്പ് യുവതിയുടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചു. പണിക്ക് പോയ ശേഷം മടങ്ങി എത്തിയിട്ടില്ലെന്നാണ് യുവതി പറയുന്നത്.
പ്രസവശേഷം നാട്ടുകാരുടെ ഇsപെടലിനെ തുടർന്ന് ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അമ്മയും, കുഞ്ഞും ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന്എച്ച്ബി കൗണ്ട് കുറഞ്ഞ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവർ താമസിച്ചിരുന്ന സ്ഥലം താമസ യോഗ്യമല്ലാത്തതിനാലും, മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപാർക്കുന്നതിനാലും വൃത്തിയായ ശുചി മുറി ഉൾപ്പെടെ നവജാത ശിശുവിന് ആരോഗ്യപരമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതു കൊണ്ടും പിന്നീട് ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.
വി.പി.സജീന്ദ്രൻ എം എൽ എ ഇടപെട്ടതിനെ തുടർന്ന് വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബുവും കോഓർഡിനേറ്റർ രാജി, ആശാ വർക്കർ എന്നിവരുടെ നേതൃത്വത്തിൽ പുതിയ താമസ സ്ഥലം ഒരുക്കുകയായിരുന്നു.