ഐസ് ലാൻഡ്: 1996 -ലാണ് ഐസ്‌ലാന്റില്‍ നിന്നുള്ള 16 -കാരിയായ തോര്‍ഡിസ് എല്‍വ ആദ്യമായി പ്രണയത്തിലായത്. ഓസ്ട്രേലിയയില്‍ നിന്നുള്ള 18 -കാരനായ എക്സ്ചേഞ്ച് വിദ്യാര്‍ത്ഥിയായ ടോം സ്ട്രേഞ്ചറായിരുന്നു അവളുടെ കാമുകന്‍. തുടക്കത്തില്‍ അവര്‍ക്കിടയില്‍ പ്രണയം തളിര്‍ത്തുനിന്നു. ഭക്ഷണശാലയില്‍ ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചും, കൈകോര്‍ത്തു പിടിച്ച് ദീര്‍ഘദൂരം നടന്നും അവര്‍ എല്ലാം മറന്ന് പരസ്പരം സ്നേഹിച്ചു. എന്നാല്‍, ഒരു സായാഹ്നത്തിലാണ് പ്രണയത്തിന്റെ മധുരം കയ്പായി തീര്‍ന്നത്.
എല്‍വ ആത്മാര്‍ഥമായി സ്നേഹിച്ച ടോം അവളെ അവളുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. “എന്റെ ശരീരം തിരിച്ച് അക്രമിക്കാന്‍ കഴിയാത്തത്ര ദുര്‍ബലമായിരുന്നു, വേദന അസഹ്യമായിരുന്നു. എന്നെ രണ്ടായി പിളര്‍ക്കുന്നപോലെ എനിക്ക് തോന്നി. എന്റെ ബോധം മറയാതിരിക്കാന്‍ അലാം ക്ലോക്കിലെ സൂചികള്‍ അനങ്ങുന്നത് ഞാന്‍ എണ്ണാന്‍ തുടങ്ങി. ആ രാത്രി മുതല്‍, രണ്ട് മണിക്കൂറെന്നത് 7,200 സെക്കന്‍ഡാണ് എന്ന് ഞാന്‍ മനസ്സിലാക്കി” ആ സംഭവത്തെ കുറിച്ച് എല്‍വ പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
എന്നിട്ടും എല്‍വ ഒരിക്കലും സംഭവം റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍, പക്ഷേ അതിന്റെ ആഘാതം ഒന്‍പത് വര്‍ഷത്തോളം അവള്‍ അനുഭവിച്ചു. തുടര്‍ന്ന്, അസാധ്യമെന്ന് കരുതിയിരുന്ന ഒന്ന് അവള്‍ ചെയ്‌തു. അയാളെ കണ്ടെത്തി അവള്‍ ഒരു ഇമെയില്‍ അയച്ചു. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട പലര്‍ക്കും, ആക്രമണകാരിയെ വീണ്ടും കാണുകയെന്നത് വലിയ മാനസികാഘാതമുണ്ടാകുന്ന ഒന്നാണ്.
എന്നിരുന്നാലും അവള്‍ അതിനെ കുറിച്ച് പറഞ്ഞത് ഇതാണ്, “ക്ഷമിക്കുക എന്നതാണ് ഏകമാര്‍ഗ്ഗം, അയാള്‍ അതിന് അര്‍ഹനാണോ അല്ലയോ എന്നറിയില്ല. പക്ഷേ, ഞാന്‍ സമാധാനം അര്‍ഹിക്കുന്നു.” എന്നാല്‍ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ കത്തിന് മറുപടി എഴുതി. അതിലും അതിശയകരമായ കാര്യം ഈ വര്‍ഷങ്ങളിലെല്ലാം അയാളെ കുറ്റബോധം വേട്ടയാടുകയായിരുന്നു. കുറച്ച് കാലത്തെ കത്തിടപാടുകള്‍ക്ക് ശേഷം എല്‍വ അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചു. ടോമിന്റെ പ്രവൃത്തികള്‍ എല്‍വയ്ക്ക് ക്ഷമിക്കാനാകുമെന്നും ഇരുവര്‍ക്കും എല്ലാം മറന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു അത്.
ആ നിര്‍ഭാഗ്യകരമായ രാത്രിക്ക് 16 വര്‍ഷത്തിനുശേഷം 2013 -ല്‍ കേപ് ടൗണില്‍ അവരിരുവരും കണ്ടുമുട്ടി. തുടര്‍ന്നുള്ള ഏറ്റുപറച്ചിലുകള്‍ക്കും, കുറ്റബോധത്തിന്റെ നാളുകള്‍ക്കുമൊടുവില്‍ അവരിരുവരും ചേര്‍ന്ന് അന്നുണ്ടായ പ്രക്ഷുബ്ധമായ ദിവസങ്ങളെ കുറിച്ച് ഒരു പുസ്തകം എഴുതാന്‍ തീരുമാനിച്ചു. അങ്ങനെ ‘south of forgiveness’ എന്ന പുസ്തകം പിറന്നു.
പുസ്തകത്തില്‍ തന്റെ കുറ്റം പരസ്യമായി ഏറ്റുപറയുന്നതിലൂടെ, അയാള്‍ ഒരു വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. അതിനെ കുറിച്ച് പരസ്യമായി സംസാരിക്കുമ്പോള്‍, മറ്റ് പുരുഷന്മാര്‍ക്കും തുറന്ന് പറയാന്‍ അതൊരു പ്രോത്സാഹനമാകുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു.
ടെഡ് വേദിയില്‍ തങ്ങളുടെ അനുഭവം പങ്കിട്ട എല്‍വയും അയാളും പുസ്തകത്തില്‍ പ്രധാനമായും അവരുടെ ബന്ധത്തെക്കുറിച്ചും എല്‍വയുടെ പിന്നീടുണ്ടായ അനുഭവത്തെ കുറിച്ചുമാണ് പറയുന്നത്. ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കും പുസ്തകം വഴിയൊരുക്കുന്നു.
“മിക്കപ്പോഴും സമൂഹത്തിന്റെ മുന്നില്‍ പഴികേള്‍ക്കേണ്ടി വരുന്നത് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളാണ്, പുരുഷന്മാരല്ല” ടോം തന്റെ ടെഡ് ടോക്കില്‍ പറഞ്ഞു. എന്നാല്‍ ആ സ്ത്രീകള്‍ പറയുന്നത് ശ്രദ്ധിക്കണമെന്ന് എല്‍വ കൂട്ടിച്ചേര്‍ത്തു. സമ്മതം കൂടാതെയുള്ള ലൈംഗികത ആക്രമണമാണെന്ന് പുരുഷന്മാര്‍ മനസ്സിലാക്കിയാല്‍, പിന്നീട് ഇവിടെ പീഡനങ്ങള്‍ ഉണ്ടാകില്ലെന്നും അവള്‍ പറഞ്ഞു.
മിക്കപ്പോഴും സ്ത്രീകളെയാണ് സമൂഹം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നത്. അവളെ അക്രമിച്ച വ്യക്തി ആരാണ് എന്ന് ചോദിക്കുന്നതിനു പകരം സമൂഹം ‘അവള്‍ എന്താണ് ധരിച്ചിരുന്നത്, അവള്‍ കുടിച്ചിരുന്നോ?’ തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും എല്‍വ പറഞ്ഞു.
എല്ലാവരും പോസിറ്റീവായാണ് അവരുടെ ടെഡ് ടോക്കിനോട് പ്രതികരിച്ചത്. ടോം പുസ്തകത്തിന്റെ ലാഭവിഹിതം കൈപറ്റുന്നില്ല. പകരം ആ വരുമാനം ഐസ്‌ലാന്റിലെ ലൈംഗികാതിക്രമ ഇരകള്‍ക്കുള്ള ഒരു അഭയകേന്ദ്രത്തിലേക്ക് സംഭാവന ചെയ്യുന്നു. ഇന്ന്, എല്‍വ ഒരു പത്രപ്രവര്‍ത്തകയും, നാടകകൃത്തും ആക്ടിവിസ്റ്റും ഐസ്‌ലാന്‍ഡിലെ ഏറ്റവും പ്രധാനപ്പെട്ട ഫെമിനിസ്റ്റ് ശബ്ദങ്ങളില്‍ ഒരാളുമാണ്.