കൊല്ലം: കൊറോണ ക്കെതിരേ പൊരുതി ജയിച്ച കരുത്തിൽ വോട്ടു തേടി ‘കൊറോണ’ യും. കൊറോണയുടെ പിടിയിൽ നിന്നു മോചിതയായി കുഞ്ഞിനു ജന്മം നൽകിയതിനു പിന്നാലെയാണ് കൊറോണ മൽസരത്തിനിറങ്ങിയത്. കൊല്ലം കോർപറേഷനിലെ മതിലിൽ ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയാണു കൊറോണ തോമസ് എന്ന ഇരുപത്തിനാലുകാരി. കൊറോണ ബാധിച്ചു കൊല്ലം ഗവ.മെഡിക്കൽ കോളജിൽ കഴിയവെ, ഒക്ടോബർ 15 നാണു കൊറോണ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകിയത്.
അർപ്പിത എന്ന പേരിട്ട കുഞ്ഞിനും കൊറോണ ബാധിച്ചിരുന്നു. സജീവ ബിജെപി പ്രവർത്തകനായ ഭർത്താവ് ജിനു സുരേഷ്, മൂത്തമകൻ അർണവ്, ജിനുവിന്റെ മാതാപിതാക്കൾ എന്നിവർക്കും കൊറോണ ബാധിച്ചിരുന്നു. മതിലിൽ കാട്ടുവിളയിൽ തോമസ് മാത്യുവിന്റെയും (കാട്ടു തോമസ്) ഷീബയുടെയും മകളാണ് കൊറോണ. ഇരട്ട സഹോദരൻ കോറൽ തോമസ്. പ്രകാശ വലയം എന്ന അർഥത്തിലാണു തോമസ് മകൾക്കു കൊറോണ എന്ന പേരിട്ടത്.